തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിന്റെ ഭാഗമായി ഇന്ന് കടല്‍മാര്‍ഗം തുറമുഖം വളയാനായി മത്സ്യത്തൊഴിലാളികള്‍ തീരുമാനിച്ചു. ഇതിനോടൊപ്പം കരമാര്‍ഗവും തുറമുഖം ഉപരോധിക്കും. സമരം ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ സമരമാര്‍ഗവുമായി രംഗത്തു വരുന്നത്.
പൂന്തുറ ഇടവകയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ഒന്‍പത് മണിയോടുകൂടി കടല്‍മാര്‍ഗം തുറമുഖം വളയും. നൂറ് കണക്കിന് വള്ളങ്ങള്‍ പ്രതിഷേധത്തിന്റെ ഭാഗമായി അണിനിരക്കും. ചെറിയതുറ, സെന്റ് സേവ്യേഴ്സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിലാണ് കരമാര്‍ഗം തുറമുഖം ഉപരോധിക്കുന്നത്. പൂന്തുറയില്‍ നിന്ന് മുന്നൂറോളം ഓട്ടോറിക്ഷകള്‍, അറുപതിലധികം ബസുകള്‍, മറ്റ് പ്രക്ഷോഭകര്‍ എന്നിവയിലാണ് കരമാര്‍ഗം ഉപരോധിക്കുന്നതിനായി എത്തുന്നത്.
തുറമുഖ നിര്‍മാണം നിര്‍ത്തിവച്ചുകൊണ്ട് ആഘാതപഠനം നടത്തുക, മണ്ണെണ്ണ സബ്സിഡി നിരക്കില്‍ നല്‍കുക എന്നീ രണ്ട് ആവശ്യങ്ങളാണ് സമരക്കാര്‍ പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. ഇക്കാര്യങ്ങളില്‍ തീരുമാനമാകുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കുന്നത്. ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നതിന് സമ്മര്‍ദ്ദം ശക്തമാക്കാനാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ തീരുമാനം.
അതേസമയം, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് മന്ത്രിസഭാ ഉപസമിതി യോഗം ചേരുകയാണ്.
പുനരധിവാസ പ്രശ്‌നങ്ങള്‍ ആണ് ഫിഷറീസ് മന്ത്രി അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ യോഗം ചര്‍ച്ച ചെയ്യുന്നത്. മന്ത്രിമാരായ കെ രാജന്‍, എം വി ഗോവിന്ദന്‍, ആന്റണി രാജു, ചിഞ്ചുറാണി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
Discussion about this post