തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ നടക്കുന്ന സമരം ശക്തമാകവെ നിര്‍ണായക ഇടപെടലുമായി സര്‍ക്കാര്‍. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള നിര്‍ദേശങ്ങള്‍ മന്ത്രിസഭാ ഉപസമിതി മുന്നോട്ട് വച്ചു.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രിസഭാ ഉപസമിതി യോഗം ചേര്‍ന്നത്. മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിന്റെ എട്ടേക്കറും തിരുവനന്തപുരം നഗരസഭയുടെ രണ്ട് ഏക്കറും മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി വിട്ടു നല്‍കും. സമരക്കാരുമായി ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായി.
സമരക്കാരുമായി ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായി. രണ്ടിടങ്ങളിലുമായി 3000 മത്സ്യത്തൊഴിലാളികളെ താമസിപ്പിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.
ക്യാമ്പുകളില്‍ താമസിക്കുന്ന 335 കുടുംബങ്ങള്‍ക്കായിരിക്കും ആദ്യ പരിഗണന. അവരെ വാടകവീടുകളിലേക്ക് ഉടന്‍ മാറ്റും. ഈ വാടക സര്‍ക്കാര്‍ നല്‍കും. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് വകുപ്പ് സെക്രട്ടറിമാരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉപസമിതി വീണ്ടും യോഗം ചേരും.
മുഖ്യമന്ത്രിയുമായുള്ള ചര്ച്ചയ്ക്കുശേഷമാകും ഭൂമി കൈമാറ്റത്തില്‍ അന്തിമ തീരുമാനം എടുക്കുക. മന്ത്രിമാരായ എം.വി.ഗോവിന്ദന്, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, വി.അബ്ദുറഹിമാന്, കെ.രാജന്, ചിഞ്ചുറാണി എന്നിവരും മേയര്‍ ആര്യാ രാജേന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുത്തു.
അതേസമയം, ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം ഏഴ് ദിവസം പിന്നിട്ടിരിക്കുകയാണ്. ഇന്ന് മുതല്‍ മത്സ്യത്തൊഴിലാളികള്‍ സമരം കൂടുതല്‍ ശക്തമാക്കിയിട്ടുമുണ്ട്. ഈ അവസരത്തിലാണ് സര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍.
Discussion about this post