തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ഇടിയും മിന്നലിനും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.
ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും സെപ്റ്റംബര്‍ ഒന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് മുന്നറിയിപ്പ്.
തെക്ക് പടിഞ്ഞാറന്‍ ബീഹാറിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴി നിലനില്ക്കുന്നതും തെക്കന്‍ ബംഗാള്‍ ഉള്‍കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതച്ചുഴി നിലനില്ക്കുന്നതും മഴയ്ക്ക് കാരണമാണ്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ സെപ്റ്റംബര്‍ ഒന്ന് വരെ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.
Discussion about this post