കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ മോദി, വിമാനത്താവളത്തിന് പുറത്ത് ബി.ജെ.പി ഒരുക്കിയ പൊതു യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
കേരളം മനോഹരമായ നാടാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മലയാളികള്‍ക്ക് അദ്ദേഹം ഓണാശംസയും നേര്‍ന്നു. ‘ഓണക്കാലത്ത് കേരളത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം. എല്ലാവര്‍ക്കും ഓണാശംസകള്‍. സാംസ്‌കാരിക ഭംഗിയും പ്രകൃതി ഭംഗിയും കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം. ദരിദ്രരുടെയും ദളിതരുടെയും ഉന്നമനമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.
ഒരു ലക്ഷം കോടിയുടെ പദ്ധതികള്‍ കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടപ്പാക്കി. ബി.ജെ.പിയുടെ സംസ്ഥാന സര്‍ക്കാരുകള്‍ ഉള്ളിടത്ത് വികസനം വേഗത്തില്‍ നടപ്പിലാകും. കാരണം അത്തരം സംസ്ഥാനങ്ങളില്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാരാണ് പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം കേരളത്തില്‍ രണ്ടു ലക്ഷത്തിലധികം വീടുകള്‍ക്ക് അനുമതി നല്‍കി. ഇതില്‍ ഒരു ലക്ഷം വീടുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്’ – മോദി പറഞ്ഞു.
പൊതുയോഗത്തിന് ശേഷം പ്രധാനമന്ത്രി കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ശൃംഗേരിമഠം അഡ്മിനിസ്ട്രേറ്റര്‍ വി.ആര്‍. ഗൗരിശങ്കര്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും. ശ്രീശാരദ സന്നിധിയിലാണ് ആദ്യം ദര്‍ശനം. ശ്രീകോവിലില്‍ മംഗളാരതിയില്‍ പങ്കെടുക്കും. ശ്രീശങ്കരന്റെ അമ്മ ആര്യാംബയുടെ സമാധിയും ശ്രീശക്തി ഗണപതി സന്നിധിയും സന്ദര്‍ശിക്കും.
കൊച്ചി മെട്രോയുടെ പുതിയ പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകിട്ട് ആറിനാണ് ചടങ്ങ് നടക്കുക. ഇന്‍ഫോപാര്‍ക്ക് രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചിയില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.













