ദില്ലി: ലാവ്ലിന് കേസില്‍ സി.ബി.ഐയുടെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കില്ല. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഭരണഘടനാബെഞ്ചിലെ വാദം നീണ്ടുപോകുന്നതിനാലാണ് കേസ് മാറ്റിയത്. പുതിയ തിയ്യതി പിന്നീട് അറിയിക്കും. ഉച്ചക്ക് ശേഷം പരിഗണിക്കാനായിരുന്നു നേരത്തേ ലിസ്റ്റ് ചെയ്തിരുന്നത്.
സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജികളിലെ വാദമാണ് ഭരണഘടനാ ബെഞ്ചില്‍ നടക്കുന്നത്. ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ പൂര്‍ത്തിയായാലേ മറ്റു ഹര്‍ജികള്‍ പരിഗണിക്കൂ എന്ന് സുപ്രിംകോടതി അറിയിച്ചിരുന്നു.
ഹര്‍ജികള്‍ പല തവണ ലിസ്റ്റ് ചെയ്തിട്ടും മാറിപ്പോകുന്നതു ഹര്‍ജിക്കാരില്‍ ഒരാളായ ടി.പി നന്ദകുമാറിന്റെ അഭിഭാഷക കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് സെപ്തംബര്‍ 13ലെ പട്ടികയില്‍ നിന്ന് ഹരജികള്‍ നീക്കരുതെന്നു ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചിരുന്നു.
2017 ആഗസ്റ്റ് 23നാണ് ലാവ്ലിന് കേസില്‍ പിണറായി വിജയന്, മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. ഉദ്യോസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യര്‍, എം വി രാജഗോപാല്‍, ആര് ശിവദാസന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ 2018 ജനുവരി 11ന് സുപ്രിംകോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വര്‍ഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജികള്‍ മാറ്റിവെച്ചത്.
പിണറായി വിജയന് വൈദ്യുത മന്ത്രിയായിരുന്ന കാലത്ത് ഇടുക്കിയിലെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്ലിനുമായി ഉണ്ടാക്കിയ കരാറില്‍ ക്രമക്കേട് നടന്നുവെന്നാണ് സി.ബി.ഐയുടെ വാദം.
Discussion about this post