കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന് മുഹമ്മദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം അറിയിച്ചു. ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു ആര്യാടന് മുഹമ്മദ്. മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് എന്നും അദ്ദേഹം തയ്യാറായിരുന്നു. തന്റെ വാദമുഖങ്ങള്‍ ശക്തമായി നിയമസഭയില്‍ അവതരിപ്പിക്കുന്നതില്‍ മികവ് പുലര്‍ത്തിയിരുന്ന സാമാജികനായിരുന്നു ആര്യാടന് മുഹമ്മദ് എന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
ആര്യാടന് മുഹമ്മദിന്റെ നിര്യാണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. കോണ്‍ഗ്രസിന്റെ ശക്തനായ നേതാവായിരുന്നു ആര്യാടന് മുഹമ്മദെന്ന് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ അദ്ദേഹം ദീര്‍ഘകാലം നിര്‍ണ്ണായക പങ്കുവഹിക്കുകയുണ്ടായി. ഭരണാധികാരി എന്ന നിലയില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. പാര്‍ട്ടിയോടുള്ള അടിയുറച്ച കൂറും ശക്തമായ നിലപാടുകളും അദ്ദേഹത്തെ വ്യത്യസ്തനാക്കി. അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസിന്റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടന് മുഹമ്മദെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Discussion about this post