തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന് സഞ്ചരിച്ച ഡിയോ സ്കൂട്ടര്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തി. കഠിനംകുളത്ത് നിന്നാണ് സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്തത്.
കഴക്കൂട്ടം സ്വദേശി സുധീഷിന്റേതാണ് സ്കൂട്ടര്‍. അതേസമയം, കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന് ഒളിവിലാണ്. സുഹൈലിന്റെ ഡ്രെവറാണ് സുധീഷ്. ഇയാളുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് സ്കൂട്ടര്‍ ലഭിച്ചത്.
യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്. ഇയാളാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്താന്‍ സഹായകമായത് സംഭവ സമയത്തെ ദൃശ്യങ്ങളില്‍ കണ്ട കാറും ടീഷര്‍ട്ടുമായിരുന്നു. ആക്രമണശേഷം സ്കൂട്ടര്‍ കാറിന്റെ സമീപത്ത് നിര്‍ത്തിയതായി കണ്ടെത്തിയിരുന്നു. കാര്‍ ജിതിന്റേതാണെന്ന് തെളിഞ്ഞതാണ് കേസില്‍ നിര്‍ണായകമായത്.
ജൂണ്‍ 30ന് രാത്രി 11.45ഓടെയാണ് സ്കൂട്ടറില്‍ എത്തിയ പ്രതി എ കെ ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. ശബ്ദം കേട്ട് പ്രധാന ഗേറ്റിലുണ്ടായിരുന്ന പൊലീസുകാര്‍ ഓടിയെത്തിയെങ്കിലും അക്രമി ബൈക്കില്‍ രക്ഷപ്പെട്ടു. കഴിഞ്ഞാഴ്ചയാണ് ജിതിന് പിടിയിലായത്.
Discussion about this post