ന്യൂഡല്‍ഹി: വിവാദ വീഡിയോയുടെ പേരില്‍ ബിജെപി പ്രതിഷേധത്തിനൊടുവില്‍ ഡല്‍ഹി മന്ത്രിസഭാംഗം രാജി വെച്ചു. അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാരിലെ സാമൂഹിക ക്ഷേമമന്ത്രിയായ രാജേന്ദ്ര പാല്‍ ഗൗതമാണ് രാജിവച്ചത്. മതപരിവര്‍ത്തന ചടങ്ങില്‍ പങ്കെടുക്കുന്ന വീഡിയോ ദൃശ്യം പ്രചരിച്ചത് വിവാദമായതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി പ്രഖ്യാപനം. വിജയദശമി ദിനത്തില്‍ ധര്‍മ്മചക്ര പരിവര്‍ത്തന്‍ ചടങ്ങിന്റെ ഭാഗമായി നടന്ന ബുദ്ധമത പരിവര്‍ത്തന ചടങ്ങില്‍ രാജേന്ദ്ര പാല്‍ ഗൗതം, ഹിന്ദു ദൈവങ്ങളെ ആരാധിക്കില്ല എന്നും ഹിന്ദു ആചാരങ്ങള്‍ പിന്തുടരില്ല എന്നും പ്രതിജ്ഞ ഏറ്റുചൊല്ലുന്ന വീഡിയോ ബി ജെ പി വലിയ രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരുന്നു.
1956-ല്‍ ഡോ ബി ആര്‍ അംബേദ്കര്‍ തന്റെ അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ചതിന്റെ സ്മരണാര്‍ത്ഥം നടന്ന ചടങ്ങില്‍ അന്ന് അംബേദ്കര്‍ ചൊല്ലിയ 22 പ്രതിജ്ഞകളായിരുന്നു ആം ആദ്മി മന്ത്രി പ്രതിജ്ഞയായി ചൊല്ലിയത്. ഇതില്‍ ‘ഞാന്‍ ബ്രഹ്മാവില്‍ വിശ്വസിക്കില്ല, വിഷ്ണു, മഹേശ്വരന്മാരിലും വിശ്വസിക്കില്ല, അവരെ ആരാധിക്കുകയുമില്ല’ എന്ന ഭാഗം ഹിന്ദുക്കളുടെയും ബുദ്ധമതവിശ്വാസികളെയും ഒരു പോലെ അപമാനിക്കുന്നു എന്നായിരുന്നു ബി ജെ പിയുടെ ആരോപണം. മതവികാരം വ്രണപ്പെടുത്തി കലാപാഹ്വാനം നടത്തിയ രാജേന്ദ്ര പാല്‍ ഗൗതത്തിനെ ആം ആദ്മിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി ബി ജെ പി എം പിയായ മനോജ് തിവാരി രംഗത്തെത്തിയിരുന്നു. ഹിന്ദുവായ കേജരിവാളിന്റെയും ഹിന്ദുക്കള്‍ക്കെതിരെ വിഷം ചീറ്റുന്ന മന്ത്രിസഭയുടെയും ഹിന്ദു വിരുദ്ധ മുഖം പുറത്തുവന്നെന്നും. ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും മനോജ് തിവാരി വിഷയത്തില്‍ രൂക്ഷമായി ട്വീറ്റിലൂടെ പ്രതികരിച്ചിരുന്നു.
ബി ജെ പി അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ഏതെങ്കിലും മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും വിഷയത്തില്‍ പ്രതികരിച്ച രാജേന്ദ്ര പാല്‍ ഗൗതം പറഞ്ഞിരുന്നു. എന്നാല്‍ മതപരിവര്‍ത്തന ചടങ്ങിലെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വലിയ തോതില്‍ പ്രചരിച്ചിരുന്നതാണ് രാജിയിലേക്ക് നയിച്ചത്.













