തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തില്‍ എന്‍ഐഎ അന്വേഷണം. എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും. വിഴിഞ്ഞം പൊലീസിനോട് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടായോ എന്നറിയാനാണ് അന്വേഷണം.
സംഘര്‍ഷമുണ്ടായ വിഴിഞ്ഞത്ത് ഡിഐജി ആര്‍ നിശാന്തിനിയെ സെപ്ഷല്‍ ഓഫീസറാക്കി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. വിഴിഞ്ഞം പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അവധി റദ്ദാക്കി തിരിച്ചെത്താന്‍ പൊലീസുകാരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
പൊലീസ് സ്റ്റേഷന്‍ വരെ ആക്രമിച്ച അതീവ ഗുരുതരസാഹചര്യം മുന്‍ നിര്‍ത്തിയാണ് വിഴിഞ്ഞത്തെ പ്രത്യേക സുരക്ഷ. കേസന്വേഷണത്തിനും ക്രമസമാധാനത്തിനുമായി രണ്ടു സംഘങ്ങളെയും നിയോഗിച്ചു. ഡിഐജിക്കു കീഴില്‍ എസ്പിമാരായ കെകെ അജി, കെഇ ബൈജു എന്നിവരും അസിസ്റ്റന്റ് കമ്മീഷണര്‍മാരും അടങ്ങുന്ന പ്രത്യേക സംഘം ക്രമസമാധനപാലത്തിന് മേല്‍നോട്ടം വഹിക്കും. വിഴിഞ്ഞം ആക്രണവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് തിരുവനന്തപുരം ഡിസിപി കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ നാല് അസിസ്റ്റന്റ് കമ്മീഷണര്‍മാരെ ഉള്‍പ്പെടുത്തി മറ്റൊരു സംഘവും രൂപീകരിച്ചു.
വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തവരെ ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല. മൂവായിരം പേര്‍ക്കെതിരെ കേസെടുത്തുവെങ്കിലും പെട്ടെന്നൊരു അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം. ഇപ്പോഴുണ്ടായിരിക്കുന്ന ക്രമസമാധാന അന്തരീക്ഷം കലുഷിതമാക്കേണ്ടെന്ന തീരുമാനത്തിലാണ് അറസ്റ്റ് വൈകുന്നത്. സ്റ്റേഷന്‍ ആക്രണത്തില്‍ പരിക്കേറ്റ് ചികിത്സയിലുണ്ടായ സമരസമിതിയിലെ എട്ടുപേര്‍ ആശുപത്രിവിട്ടു. ഇവരെ അറസ്റ്റ് ചെയ്ത് ആശുപത്രി സെല്ലിലേക്കെങ്കിലും മാറ്റണമെന്ന് ഒരു വിഭാഗം പൊലീസുകാര്‍ ആവശ്യപ്പെട്ടുവെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കലുഷിതമായിരുന്ന വിഴിഞ്ഞം ഇന്ന് ശാന്തമാണ്.
വിഴിഞ്ഞം സംഭവത്തിന്റെ പശ്ചാലത്തില്‍ സംസ്ഥാനത്തെ തീരദേശ സ്റ്റേഷനുകള്‍ അതീവജാഗ്രത പുലര്‍ത്താന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിര്‍ദ്ദേശം നല്‍കി. സ്പഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അപ്പോ അപ്പോള്‍ വിവരങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കൈമാറണം, ഡിഐജിമാരും ഐജിമാരും ദിവസവും കാര്യങ്ങള്‍ വിലയിരുത്തണമെന്നും നിര്‍ദ്ദേശിച്ചു.
Discussion about this post