തളിപ്പറമ്പ്: വെള്ളാരംപാറയിലെ പൊലീസ് ഡംപിംഗ് യാര്‍ഡില്‍ വന്‍ തീപിടുത്തം. വിവിധ കേസുകളിലുള്‍പ്പെട്ട അഞ്ഞൂറിലേറെ വാഹനങ്ങള്‍ കത്തിനശിച്ചു. തളിപ്പറമ്പ് – ശ്രീകണ്ഠാപുരം റോഡരികില്‍ ഇന്നലെ ഉച്ചയ്ക്ക് 11.30 ഓടെ ആണ് തീപിടുത്തം ഉണ്ടായത്. ഉടനെ ഇതുവഴിയുള്ള ഗതാഗതം പൊലീസ് തടഞ്ഞു. അഗ്നിശമന സേന അഞ്ചര മണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്.
തളിപ്പറമ്പ് അഗ്നിശമന നിലയത്തില്‍ നിന്നും സ്റ്റേഷന് ഓഫീസര്‍ സി.പി. രാജേഷിന്റെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റുകള്‍ തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും കനത്ത കാറ്റും കടുത്ത വെയിലും ആയതോടെ തീ വീടുകളുള്ള സ്ഥലങ്ങളിലേയ്ക്ക് പടര്‍ന്നു. തുടര്‍ന്ന് മട്ടന്നൂര്‍, കണ്ണൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നും അഞ്ച് യൂണിറ്റ് അഗ്നിശമന സേനകളും സ്ഥലത്തെത്തി. തളിപ്പറമ്പ്, ശ്രീകണ്ഠപുരം, പഴയങ്ങാടി, പയ്യന്നൂര്‍, മയ്യില്‍, പരിയാരം, വളപട്ടണം പൊലീസ് സ്റ്റേഷന് പരിധികളില്‍ നിന്നും വിവിധ കേസുകളിലായി പൊലീസ് പിടികൂടിയ വാഹനങ്ങളാണ് വെള്ളാരംപാറയിലെ ഡംപിംഗ് യാര്‍ഡില്‍ സൂക്ഷിച്ചിരുന്നത്. നിരവധി വര്‍ഷങ്ങളായി തൊണ്ടിമുതലായി പിടിച്ചിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. അഗ്നിശമന സേനാ വാഹനങ്ങള്‍ക്ക് പുറമെ കുടിവെള്ള വിതരണം നടത്തുന്ന ടാങ്കര്‍ലോറികളും വെള്ളവുമായി സ്ഥലത്തെത്തിയിരുന്നു. കണ്ണൂര്‍ മേഖലാ ഫയര്‍ ഓഫീസര്‍ പി. രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഗ്നിശമനസേനകള്‍ നിയന്ത്രിച്ചത്.
Discussion about this post