തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി വീണ്ടും ഇടഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കെ.ടിയു വിസി സിസ തോമസിനെ നിയന്ത്രിക്കാന്‍ പ്രത്യേക സമിതിയെ വച്ചതടക്കമുള്ള തീരുമാനങ്ങള്‍ ഗവര്‍ണര്‍ റദ്ദാക്കി. ചാന്‍സലറുടെ പ്രത്യേക അധികാം ഉപയോഗിച്ചാണ് തീരുമാനം റദ്ദാക്കിയത്. അതേസമയം ഗവര്‍ണറുടെ നടപടി വിശദീകരണം തേടാതെയാണെന്ന് സിന്‍ഡിക്കേറ്റ് അറിയിച്ചു
വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെ നിയന്ത്രിക്കാന്‍ ജനുവരി ഒന്നിനും ഫെബ്രുവരി 17നും സിന്‍ഡിക്കേറ്റും ഗവേണിംഗ് ബോഡിയും എടുത്ത തീരുമാനങ്ങളാണ് കെ.ടി.യു നിയമത്തിലെ പത്താംവകുപ്പ് പ്രകാരം ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്തത്. വി.സിയെ നിയന്ത്രിക്കാന്‍ പ്രത്യേക സമിതി, ജീവനക്കാരെ മാറ്റിയ വി.സിയുടെ നടപടി പരിശോധിക്കാന്‍ മറ്റൊരു സമിതി, ഗവര്‍ണര്‍ക്ക് വി.സി അയക്കുന്ന കത്തുകള്‍ സിന്‍ഡിക്കേറ്റിന് റിപ്പോര്‍ട്ട് ചെയ്യണം എന്നീ തീരുമാനങ്ങളാണ് തടഞ്ഞത്. വിസിയുടെ എതിര്‍പ്പോടെ എടുത്ത തീരുമാനങ്ങള്‍ ചട്ടവിരുദ്ധമാണെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ നോമിനികളെ തള്ളി സിസ തോമസിനെ ഗവര്‍ണര്‍ വിസിയാക്കിയതിനെ തുടര്‍ന്നായിരുന്നു തര്‍ക്കം ഉടലെടുത്തത്. സിസയെ മാറ്റി നിയമനത്തിനായി മൂന്നംഗ സമിതി സര്‍ക്കാര്‍ നല്‍കിയെങ്കിലും രാജ്ഭവന്‍ ഇതില്‍ തീരുമാനമെടുത്തിട്ടില്ല.













