കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും. വൈകിട്ട് അഞ്ചിന് കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്തെ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മേയര്‍ എം. അനില്‍കുമാര്‍, ഡിജിപി അനില്‍കാന്ത് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ബിജെപി സംഘടിപ്പിക്കുന്ന യുവം പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി തേവര കോളജിലേക്ക് റോഡ് മാര്‍ഗം പോകും.
പ്രധാനമന്ത്രിക്ക് ചാവേര്‍ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുരക്ഷ പൂര്‍ണമായി സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും ഏറ്റെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്ന തിരുവനന്തപുരവും കൊച്ചിയും തീരദേശ മേഖലകളായതിനാല്‍ കടല്‍ മാര്‍ഗമുള്ള നിരീക്ഷണവും കര്‍ക്കശമാക്കി.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടവും ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്ലാറ്റ്‌ഫോമുകളും എസ്പിജി വലയത്തിലാണ്. നാലും അഞ്ചും പ്ലാറ്റ്‌ഫോമുകളാണ് ഇപ്പോള്‍ യാത്രക്കാര്‍ ഉപയോഗിക്കുന്നത്.
Discussion about this post