ന്യൂഡല്‍ഹി: സംരക്ഷിത വനങ്ങളുടെ അതിര്‍ത്തിക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖല (ബഫര്‍സോണ്‍) നിര്‍ബന്ധമായും ഉണ്ടാകണമെന്ന കഴിഞ്ഞ ജൂണിലെ ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്തതോടെ മലയോര ജനതയുടെ ആശങ്കയൊഴിഞ്ഞു. ചട്ടങ്ങള്‍ക്ക് വിധേയമായി നിര്‍മ്മാണ പ്രവൃത്തികളും ഭൂമി ഇടപാടുകളും തുടര്‍ന്നും നടത്താം. അതേസമയം, ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനം പാടില്ലെന്ന മുന്‍ ഉത്തരവ് പാലിക്കണം. മരം മുറിക്കാനുളള നിയന്ത്രണം തുടരും. ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം. ബഫര്‍ സോണ്‍ അതിര്‍ത്തി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാവുന്നതാണ്.
രാജ്യത്തെ 1300ലേറെ മലയോരഗ്രാമങ്ങളെ ബാധിക്കുന്നതായിരുന്നു ബഫര്‍ സോണ്‍ വിഷയം. ജൂണിലെ വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ക്ലാരിഫിക്കേഷന്‍ പെറ്റീഷന്‍ നല്‍കുകയും കേരളം ഇതില്‍ കക്ഷി ചേരുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ വിധി. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ബഫര്‍ സോണ്‍ മേഖല ജനവാസ കേന്ദ്രമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കേരളത്തില്‍ 17 വന്യജീവി സങ്കേതങ്ങളും ആറ് ദേശീയ ഉദ്യാനങ്ങളുമുണ്ട്. അന്തര്‍സംസ്ഥാന അതിര്‍ത്തികളിലെ ദേശീയ ഉദ്യാനത്തിനും വന്യജീവി സങ്കേതങ്ങള്‍ക്കു സമീപവും 2022 ജൂണ്‍ മൂന്നിലെ വിധി ബാധകമല്ല.
കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് പുറത്തിറക്കിയ ദേശീയ വന്യജീവി ആക്ഷന്‍ പ്ലാന്‍ (2002-2016) പ്രകാരം കരട്, അന്തിമ വിജ്ഞാപനമിറക്കിയ മേഖലകളിലും പരിസ്ഥിതി മന്ത്രാലയത്തിനു മുന്നില്‍ ശുപാര്‍ശ പരിഗണനയിലിരിക്കുന്ന മേഖലകളിലും മുന്‍ ഉത്തരവ് ബാധകമാകില്ലെന്ന് കോടതി വ്യക്തത വരുത്തി. ഇതോടെ, ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ പരിധി അപ്രസക്തമായി.
കേരളത്തില്‍ മതികെട്ടാനില്‍ അന്തിമ വിജ്ഞാപനവും മറ്റ് 23 പരിസ്ഥിതി ലോല മേഖലകള്‍ സംബന്ധിച്ച് കരട് വിജ്ഞാപനവും പുറത്തിറക്കിയിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ അന്തിമ വിജ്ഞാപനം കാരണം ബുദ്ധിമുട്ടുണ്ടായാല്‍ സുപ്രീംകോടതിയെ നേരിട്ട് സമീപിക്കാവുന്നതാണെന്ന് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, വിക്രം നാഥ്, സഞ്ജയ് കരോല്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
Discussion about this post