തിരുവനന്തപുരം: കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ പോകുന്ന മാതാപിതാക്കളില്‍ നിന്ന് പിഴ ഈടാക്കരുതെന്ന പരാതി ഗതാഗത വകുപ്പ് പരിഗണിക്കും. ആവശ്യം നിയമപരമായി നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഗതാഗത നിയമലംഘകരെ പിടികൂടാന്‍ എ ഐ കാമറ സ്ഥാപിച്ചതിനെ തുടര്‍ന്ന് ഇരുചക്ര വാഹനങ്ങളില്‍ രണ്ടുപേര്‍ മാത്രമേ സഞ്ചരിക്കാവൂവെന്ന നിയമം കര്‍ശനമാക്കിയത്. നിയമവും പിഴയും രാജ്യത്താകെ ഉള്ളതിനാല്‍ സംസ്ഥാനത്തിന് മാത്രമായി ഇത് ഒഴിവാക്കാന്‍ സാധിക്കില്ലെന്നാണ് വിവരം. അതിനാല്‍ത്തന്നെ ഇക്കാര്യം പരിഗണിക്കാന്‍ കേന്ദ്രത്തെ സമീപിച്ചേക്കും. മാതാപിതാക്കള്‍ക്കൊപ്പം ഒരു കുട്ടിയെന്നോ, അല്ലെങ്കില്‍ അച്ഛനോ അമ്മയ്ക്കോ ഒപ്പം രണ്ട് കുട്ടികള്‍ എന്ന നിര്‍ദേശം കേരളം മുന്നോട്ട് വയ്ക്കുമെന്നാണ് സൂചന.
സ്വന്തം കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ പോകുന്ന മാതാപിതാക്കളില്‍ നിന്ന് നിയമലംഘനത്തിന് പിഴ ഈടാക്കരുതെന്ന് ടൂ വീലര്‍ യൂസേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പല വീടുകളും അണുകുടുംബങ്ങളാണ്. സാമ്പത്തിക പരാധീനതകള്‍ കൊണ്ടാണ് കൂടുതല്‍ ആളുകള്‍ ടൂവീലറിനെ ആശ്രയിക്കുന്നത്. കുട്ടികളെ ഇരുചക്ര വാഹനത്തില്‍ കൊണ്ടുപോകുന്നവര്‍ക്ക് പിഴ ചുമത്തുന്നത് നീതീകരിക്കാനാകില്ലായെന്നും അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post