ഇടുക്കി: ഇന്നലെ ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തിലെത്തിച്ച അരിക്കൊമ്പന്റെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുണ്ടെന്ന് വനംവകുപ്പിലെ ചീഫ് വെറ്ററിനറി സര്‍ജനായ അരുണ്‍ സക്കറിയ. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് തളച്ചത്. ചക്കക്കൊമ്പനുമായുള്ള പോരിലാണ് ആനയ്ക്ക് പരിക്കേറ്റതെന്നും എന്നാല്‍ ഇത് സാരമുള്ളതല്ലെന്നും സി സി എഫ് ആര്‍ എസ് അരുണ്‍ വ്യക്തമാക്കി.
നിലവില്‍ അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമാണ്. തുറന്ന് വിടുന്നതിനുമുന്‍പ് ചികിത്സ നല്‍കിയിരുന്നു. ചികിത്സ ഇനിയും തുടരും. പെരിയാര്‍ കടുവ സങ്കേതത്തിലെ ഉള്‍ക്കാട്ടില്‍ വിട്ട അരിക്കൊമ്പനെ റേഡിയോ കോളറിലൂടെ നിരീക്ഷിച്ചുവരികയാണ്. ആദ്യ സിഗ്‌നല്‍ കിട്ടി. പുലര്‍ച്ചെ ഒരു മണിക്കാണ് ആദ്യ സിഗ്‌നല്‍ ലഭിച്ചത്.
അഞ്ച് മയക്കുവെടിയെന്ന് പറയാനാകില്ല. ടോപ്പ് അപ്പ് ഡോസ് ആണ് നല്‍കിയത്. ഇത് ആരോഗ്യത്തെ ബാധിക്കില്ല. പുതിയ സ്ഥലവുമായി പൊരുത്തപ്പെടാന്‍ അരിക്കൊമ്പന് സമയം എടുക്കും. ശരീരത്തിലെ മുറിവുകള്‍ക്ക് ചികിത്സ നല്‍കിയിട്ടുണ്ട്. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മാറ്റുന്നതിനിടെ കുമളിയില്‍ ഉള്‍പ്പെടെ എല്ലായിടത്തും ലഭിച്ച സ്വീകരണം വലിയൊരു മാതൃകയാണെന്നും ഡോ. അരുണ്‍ സക്കറിയ വ്യക്തമാക്കി.
Discussion about this post