ന്യൂഡല്‍ഹി: സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള പദ്ധതിയായ ഓപ്പറേഷന്‍ കാവേരി അവസാനഘട്ടത്തിലേക്ക്. 172 പേരുമായി സുഡാനില്‍നിന്ന് പതിനാറാം സംഘം വ്യോമസേനാ വിമാനത്തില്‍ ജിദ്ദയിലെത്തി.
മൂവായിരത്തോളം ഇന്ത്യക്കാരെ ഇതുവരെ ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഏപ്രില്‍ 25നാണ് സുഡാനിലെ രക്ഷാദൗത്യം ആരംഭിച്ചത്. സുഡാനില്‍നിന്ന് വിമാനങ്ങളിലും കപ്പലുകളിലുമായി ആളുകളെ ജിദ്ദയിലെത്തിച്ചശേഷം ഇവിടെനിന്ന് ഇന്ത്യയിലെത്തിക്കുകയായിരുന്നു ഓപ്പറേഷന്‍ കാവേരിയിലൂടെ ലക്ഷ്യമിട്ടത്.
സുഡാനില്‍നിന്ന് മടങ്ങാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത് 3100 പേരാണ്. ഇതില്‍ 3000 പേരെ ഇതുവരെ സുഡാനില്‍നിന്ന് ജിദ്ദയിലെത്തിച്ചു. ഇവരില്‍നിന്ന് 2500 പേരെ ഇതുവരെ ഇന്ത്യയിലെത്തിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ജിദ്ദയില്‍ നിന്നുള്ള ഒന്‍പതാം വിമാനം 180 യാത്രക്കാരുമായി രാവിലെ കൊച്ചിയിലെത്തിയിരുന്നു.
Discussion about this post