തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇക്കൊല്ലം മംഗളകരമായ പരിസമാപ്തി. വടക്കുംനാഥനെ സാക്ഷിനിര്‍ത്തി ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെ ഈ വര്‍ഷത്തെ പൂരം ചടങ്ങുകള്‍ അവസാനിച്ചു. ഇനി പൂരംവെടിക്കെട്ട് നടക്കും. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റി. എറണാകുളം ശിവകുമാര്‍ പാറമേക്കാവ് ഭഗവതിയെ ശിരസിലേറ്റി. രണ്ട് ആനകളും മുഖാമുഖം വന്ന് മൂന്നുവട്ടം ഉപചാരം ചൊല്ലി അടുത്ത മേട പൂരത്തിന് കാണാം എന്ന് ഉപചാരം ചൊല്ലി പിരിയുകയായിരുന്നു. 12.45ഓടെ ചടങ്ങുകള്‍ പൂര്‍ത്തിയായി.
രാവിലെ എട്ടുമണിയ്ക്ക് മണികണ്ഠനാല്‍ ഭാഗത്ത് നിന്നും പാറമേക്കാവിന്റെയും നായ്ക്കനാല്‍ ഭാഗത്ത് നിന്നും തിരുവമ്പാടിയുടെയും എഴുന്നള്ളിപ്പുകള്‍ ആരംഭിച്ചു. കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ മേളമൊരുക്കി പാറമേക്കാവ്, ഒപ്പം കുടമാറ്റവും നടന്നു. 15 ആനകളാണ് എഴുന്നള്ളിപ്പിനുണ്ടായത്. ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തിലാണ് തിരുവമ്പാടി വിഭാഗത്തിന്റെ മേളം നടന്നത്. 14 ആനകളും കുടമാറ്റവും ഉണ്ടായി. ഇനി 2024 ഏപ്രില്‍ 19നാണ് അടുത്ത പൂരം.
Discussion about this post