തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലേക്ക് ആവശ്യമായ കൂറ്റന്‍ ക്രെയിനുകള്‍ സംസ്ഥാനത്തേക്ക് എത്തിക്കുന്നതിനായുള്ള നടപടികള്‍ ചൈനയിലെ സെഡ് പി.എം.സി കമ്പനിയുമായി വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് (വിസില്‍) ആരംഭിച്ചു. മേയ് മാസത്തില്‍ ക്രെയിനുകള്‍ വാങ്ങുന്നതിനുളള ചൈന സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നെങ്കിലും കമ്പനിയുമായുളള ആശയവിനിമയം നടത്തിയിരുന്നില്ല. 3 കപ്പലുകളിലായി ക്രെയിനുകള്‍ ഒരുമിച്ചെത്തിച്ച് ഉദ്ഘാടനം ഒക്ടോബറില്‍ നടത്താനാണ് ആലോചന. ആഗസ്റ്റിലാകും ക്രെയിനുകളുമായി കപ്പല്‍ ചൈനയില്‍ നിന്ന് തിരിക്കുക. ആദ്യം തുറമുഖ മന്ത്രിയുടെ നേതൃത്വത്തിലുളള സംഘമാണ് ചൈനയിലേക്ക് പോകാന്‍ തീരുമാനിച്ചതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ഉപകരണങ്ങള്‍ വാങ്ങാനായി സെഡ് പി.എം.സി കമ്പനിയുമായി 2018ലാണ് കരാറില്‍ ഏര്‍പ്പെട്ടത്. ലോകത്തെ ഏറ്റവും വലിയ കപ്പലിലെ അവസാനത്തെ കണ്ടെയ്നറും ഇറക്കിവയ്ക്കാന്‍ സാധിക്കുന്ന അത്യാധുനിക ക്രെയിനുകളാണ് ചൈനയില്‍ തയ്യാറായിരിക്കുന്നത്. 8 സൂപ്പര്‍ പോസ്റ്റ് പാനാമാക്സ് ക്രെയിനുകളും, 24 കാന്‍ഡിലിവര്‍ റെയില്‍ മൗണ്ടഡ് ഗാന്‍ട്രി ക്രെയിനുകളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
Discussion about this post