തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പെരിയമ്പിയായി സേവനമനുഷ്ഠിച്ചുവന്നിരുന്ന മാക്കരംകോട് വിഷ്ണു വിഷ്ണു പ്രകാശ് കുടവച്ചൊഴിഞ്ഞതിനെ തുടര്‍ന്ന് പുതിയ പഞ്ചഗവ്യത്തുനമ്പിയായി തളിയില്‍ വാരിക്കാട് നാരായണന്‍ വിഷ്ണു ചുമതലയേറ്റു. നിയുക്തനമ്പിക്ക് തന്ത്രി തരണല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദീക്ഷാകലശം നടത്തി. തുടര്‍ന്ന് പടിഞ്ഞാറെ മഠം പുഷ്പാഞ്ജലി സ്വാമിയാരായ ഒറവങ്കര അച്യുതഭാരതിയില്‍ നിന്നും ഓലക്കുട സ്വീകരിച്ചുകൊണ്ട് നമ്പിസ്ഥാനം ഏല്‍ക്കുകയും മിത്രാനന്ദപുരം ക്ഷേത്രക്കുളത്തില്‍ സ്‌നാനം ചെയ്ത് തന്ത്രിക്ക് ദക്ഷിണ സമര്‍പ്പണത്തിനുശേഷം ചുമതലയേറ്റു. യോഗത്തില്‍ പോറ്റിമാര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ക്ഷേത്രം ശ്രീകാര്യക്കാര്‍ തൊടി ശ്രീരാമന്‍ അനന്തരാമന്‍ പഞ്ചഗവ്യത്തുനമ്പിയെ അവരോധിച്ചതായുള്ള നീട്ട് വായിച്ചു. ക്ഷേത്രം ഭരണസമിതി അംഗം പ്രൊഫ.പി.കെ.മാധവന്‍ നായര്‍, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ മഹേഷ്.ബി, മാനേജര്‍ ബി.ശ്രീകുമാര്‍, അസി.ശ്രീകാര്യം ഗോപകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നിലവില്‍ പഞ്ചഗവ്യത്തു നമ്പിയായി സേവനമനുഷ്ഠിച്ചുവന്ന അരുമണിതായ നാരായണ രാജേന്ദ്രന്‍ സ്ഥാനചിഹ്നമായ ശ്രീ പത്മനാഭസ്വാമിയുടെ വൈരകിരീടം ഏറ്റുവാങ്ങി പെരിയമ്പിസ്ഥാനവുമേറ്റു.
Discussion about this post