തിരുവനന്തപുരം: കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യ വികസന, സംരംഭകത്വ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നാളെ തിരുവനന്തപുരത്തെത്തും. തമ്പാനൂര്‍ റെയില്‍വേ കല്യാണമണ്ഡപത്തില്‍ നടക്കുന്ന റോസ്ഗര്‍ തൊഴില്‍ മേളയില്‍ അദ്ദേഹം സംസാരിക്കും. പരിപാടിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ വിതരണം ചെയ്യും. തുടര്‍ന്ന് തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ബസേലിയോസ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ നടക്കുന്ന പൊതു ചടങ്ങില്‍ നവ ഇന്ത്യ, യുവാക്കളുടെ ഇന്ത്യ (ന്യൂ ഇന്ത്യ ഫോര്‍ യംഗ് ഇന്ത്യ) എന്ന വിഷയത്തില്‍ മന്ത്രി വിദ്യാര്‍ഥികളുമായി സംവദിക്കും. പിന്നാലെ കോളേജിലെ ഐഒടി ലാബിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. തന്റെ വകുപ്പുകള്‍ക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം അദേഹം ഡല്‍ഹിയിലേക്ക് തിരിക്കും.
തൊഴിലുടമകള്‍ക്ക് മികച്ച ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനും വിദഗ്ധ പരിശീലനം സിദ്ധിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങളും ഉറപ്പാക്കുന്നതിനും വേണ്ടി നൈപുണ്യ പരിശീലനം ലഭിച്ച ഉദ്യോഗാര്‍ത്ഥികളെയും തൊഴിലുടമകളെയും പൊതുവായ ഒരിടത്ത് എത്തിക്കുന്നതിനുള്ള വേദികളാണ് റോസ്ഗര്‍ മേളകള്‍ സംഘടിപ്പിക്കുന്നത്.
Discussion about this post