കൊച്ചി: സര്‍ക്കാര്‍ മാഫിയ കൂട്ടുകെട്ട് സംബന്ധിച്ച് പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ഹൈക്കോടതി ജസ്‌റ്റിസ് എസ്. സിരിജഗന്‍. ഇതു സംബന്ധിച്ച് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കുകയായിരുന്നുവെന്നും ഇതു ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും ജസ്‌റ്റിസ് സിരിജഗന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വെള്ളിയാഴ്‌ച എറണാകുളം ജില്ലയിലെ ക്വാറികളുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചെന്ന വാര്‍ത്തയാണ് മാധ്യമങ്ങള്‍ നല്‍കിയിരുന്നത്. പണമുള്ളവര്‍ക്കും രാഷ്‌ട്രീയക്കാര്‍ക്കും മാഫിയകള്‍ക്കും നിയമവ്യവസ്‌ഥ ബാധകമല്ലെന്ന അവസ്‌ഥയാണ് സംസ്‌ഥാനത്ത് നിലനില്‍ക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞെന്നായിരുന്നു വാര്‍ത്ത.
മാഫിയകള്‍ക്കും പണക്കാര്‍ക്കും വേണ്ടിയാണു സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നു കോടതി പരാമര്‍ശം സംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയെ അതൃപ്‌തി അറിയിക്കുകയും ചെയ്‌തിരുന്നു. കേസിന്റെ സാഹചര്യത്തില്‍നിന്നു വിട്ടു പൊതുപരാമര്‍ശങ്ങള്‍ക്കു മുതിരുന്നത് അനുചിതമാണെന്ന് അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ജെ. ചെലമേശ്വറിനെ കണ്ടാണ് പരാതിപ്പെട്ടത്.
ജഡ്‌ജിമാര്‍ സര്‍ക്കാരിനെതിരെ വാക്കാലുള്ള പരാമര്‍ശം തുടരുന്നതില്‍ ഒരുകൂട്ടം ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ എജിയെ കണ്ട് ആശങ്ക അറിയിച്ച സാഹചര്യത്തിലായിരുന്നു ചീഫ് ജസ്‌റ്റിസുമായി എജി കൂടിക്കാഴ്‌ചയ്‌ക്കു മുതിര്‍ന്നത്. കോടതിക്കെതിരെ രാഷ്‌ട്രീയപ്രവര്‍ത്തകരുടെ വികാരപ്രകടനങ്ങള്‍ അടക്കിനിര്‍ത്താന്‍ ചീഫ് ജസ്‌റ്റിസ് ആവശ്യപ്പെട്ടതുപ്രകാരം എജി നേരത്തെ നടപടി സ്വീകരിച്ചിരുന്നു.
Discussion about this post