അഹമ്മദാബാദ്: ബിപോര്‍ജോയ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെ തുടര്‍ന്ന് ഗുജറാത്തില്‍ വ്യാപക നാശനഷ്ടം. ഇരുപത്തിരണ്ട് പേര്‍ക്ക് പരിക്കേറ്റു. അഞ്ഞൂറിലേറെ മരങ്ങള്‍ കടപുഴകി വീണു. കൃഷിയിടങ്ങളിലും കനത്ത നാശമുണ്ടായി. പലയിടങ്ങളിലും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. 940 ഗ്രാമങ്ങളില്‍ വൈദ്യുതി പൂര്‍ണമായും നിലച്ചു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്. പത്ത് മണിയോടെ വേഗത 125 കിലോമീറ്ററിലെത്തിയിരുന്നു. സംസ്ഥാനത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന സേനയുടെയും 36 ടീമുകളും ആര്‍മി, നേവി ടീമുകളും വിന്യസിച്ചിട്ടുണ്ട്.
സൗരാഷ്ട്ര, കച്ച് മേഖലയിലാണ് കൂടുതല്‍ ശക്തിയായി വീശിയത്.
നിരവധി വളര്‍ത്തുമൃഗങ്ങള്‍ ചത്തു വീണു. നിലവില്‍ മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. വരും മണിക്കൂറുകളില്‍ ചുഴലിക്കാറ്റ് ദുര്‍ബലമാകും. രാജസ്ഥാന്‍ ഭാഗത്തേക്കാണ് കാറ്റ് സഞ്ചരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാനില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
നാവിക സേനാ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ വിദഗ്ദ്ധരും നീന്തല്‍ വിദഗ്ദ്ധരും മരങ്ങളും അവശിഷ്ടങ്ങളും നീക്കാനുള്ള ആധുനിക ഉപകരണങ്ങളും സഹിതം 25 ഓളം പ്രത്യേകദൗത്യസംഘം സന്നദ്ധമായി നിലയുറപ്പിച്ചിട്ടുണ്ട്.
Discussion about this post