ന്യൂഡല്‍ഹി: കലാപം നടക്കുന്ന മണിപ്പുരില്‍ തത്ക്കാലം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും ചേര്‍ന്നു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. മുഖ്യമന്ത്രി എന്‍.ബിരേന്‍ സിംഗ് തുടരും. നേരത്തെ, മണിപ്പുര്‍ കലാപത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മണിപ്പുര്‍ സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. സ്പീക്കര്‍ ടി. സത്യബ്രതയുടെ നേതൃത്വത്തില്‍ എട്ടംഗ സംഘം പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിയിലെത്തിയിരുന്നു.
കലാപം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര ഏജന്‍സികളും അടിയന്തരമായി ഇടപെടണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയും ആവശ്യപ്പെട്ടിരുന്നു.
മേയ് മൂന്നിന് തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. കുക്കി, മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്നതില്‍ നിന്ന് മാറി ബിജെപി കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെയും നേതാക്കളുടെയും വസതികള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. സായുധ ഗ്രൂപ്പുകള്‍ അക്രമം നിര്‍ത്തിയില്ലെങ്കില്‍ വന്‍ പ്രത്യാഘാതം ഉണ്ടാവുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. നിലവില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവു വന്നിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Discussion about this post