തിരുവനന്തപുരം: മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന് കുരങ്ങിനെ മസ്ക്കറ്റ് ഹോട്ടലിനു സമീപത്തെ മരത്തിന്റെ മുകളില്‍ നിന്നും താഴെയിറക്കാനുള്ള അനുനയ ശ്രമങ്ങളുമായി മൃഗശാല അധികൃതര്‍. മസ്ക്കറ്റ് ഹോട്ടലിന് സമീപത്തെ മരത്തിന് മുകളിലാണ് കഴിഞ്ഞ രണ്ട് ദിവസമായി കുരങ്ങ് കഴിയുന്നത്. ഓരോ മരത്തില്‍ നിന്നും വേറൊരു മരത്തിലേക്ക് ചാടിപ്പോയിക്കൊണ്ടിരിക്കുകയായിരുന്ന കുരങ്ങ് ബുധനാഴ്ച മുതലാണ് മസ്ക്കറ്റ് ഹോട്ടലിന് സമീപത്തെ മരത്തിന് മുകളില്‍ ഇരിപ്പുറപ്പിച്ചത്. ആദ്യം മൃഗശാലയിലെ കോന്പൗണ്ടിലുള്ള മരത്തിന് മുകളില്‍ കുരങ്ങ് നിലയുറപ്പിക്കുകയായിരുന്നു.
കുരങ്ങിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് മൃഗശാല അധികൃതര്‍ രണ്ട് ജീവനക്കാരെ കുരങ്ങിനെ നിരീക്ഷിക്കാനായി നിയോഗിച്ചിരിക്കുകയാണ്. ആവശ്യത്തിന് ഭക്ഷണം കിട്ടുന്നത് കൊണ്ടാണ് മരത്തില്‍ നിന്നും താഴെയിറങ്ങാന്‍ മടിയ്ക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കാക്കശല്യം ഉണ്ടാകാതെ നോക്കുകയാണ് ജീവനക്കാരുടെ ഇപ്പോഴത്തെ ജോലി. മയക്കുവെടി വച്ച് താഴെ എത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. തിരുപ്പതിയില്‍ നിന്നും മൃഗശാലയിലേക്ക് എത്തിച്ച ഹനുമാന് കുരങ്ങ് ഒരാഴ്ചക്ക് മുന്‍പാണ് കൂട് തുറന്നപ്പോള്‍ ചാടിപ്പോയത്.
Discussion about this post