തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റില്‍ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്. കൊല്ലം ചവറയിലും കണ്ണൂരില്‍ റെയില്‍വേ സ്റ്റേഷന് റോഡും യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു. ക്രൈം ബ്രാഞ്ച് നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. അറസ്റ്റ് സിപിഎം അറിവോടെയാണെന്നു മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. അതേസമയം കെ സുധാകരനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ജൂണ്‍ 24-ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കുമെന്ന് കെപിസിസി പ്രസ്താവനയിലൂടെ അറിയിച്ചു. പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
മോന്സണ് മാവുങ്കല്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇന്ന് വൈകുന്നേരം ഏഴ് മണി വരെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ക്രൈം ബ്രാഞ്ച് കെ സുധാകരനെ അറസ്റ്റ് ചെയ്തത്. കളമശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റുരേഖപ്പെടുത്തി വിട്ടയയ്ക്കുകയായിരുന്നു.
Discussion about this post