ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി
കിംക്ഷണന്മാര്‍ക്ക് വിദ്യയുണ്ടാകയില്ലയല്ലോ
കിങ്കണന്മാരായുള്ളോര്‍ക്കര്‍ത്ഥവുമുണ്ടായ് വരാ
കിമൃണന്മാര്‍ക്ക് നിത്യസൗഖ്യവുമുണ്ടായ് വരാ
കിംദേവന്മാര്‍ക്ക് ഗതിയും പുനരതുപോലെ
(ബാലകാണ്ഡം – ഉമാമഹേശ്വരസംവാദം)
ചെറുതെന്നു കരുതി തള്ളിക്കളയുന്ന പലതും മനുഷ്യജീവിതത്തില്‍ വളരെയേറെ വിലപിടിപ്പുള്ളവയാണ്. സമയം സമസ്ത കര്‍മങ്ങളെയും സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന തത്ത്വമാണ്. ഒരു ചിന്തയില്‍ നിന്ന് മറ്റൊരു ചിന്തയിലേക്ക് മനസ്സ് വ്യാപരിച്ചില്ലെങ്കില്‍ സമയനിര്‍ണ്ണയം ചെയ്യുക സാദ്ധ്യമല്ല. അനേകം നിമിഷങ്ങളുടെ ചലനങ്ങള്‍ കൂടിച്ചേര്‍ന്നാണ് പൂര്‍ണ്ണമായ ജീവിതം ഉടലെടുക്കുന്നത്. മാസങ്ങളെയും വര്‍ഷങ്ങളെയും വിലയിരുത്തുന്ന മനുഷ്യന്‍ അവയെ സൃഷ്ടിക്കുന്ന നിമിഷങ്ങളെ പലപ്പോഴും ശ്രദ്ധിക്കാറില്ല. ഒരു നിമിഷം സാരമില്ലാത്തതാണ് എന്നുള്ള അര്‍ത്ഥത്തിലാണ് നാം നിമിഷചലനങ്ങളെ തള്ളിക്കളയുന്നത്. ‘കിംക്ഷണന്മാര്‍’ – ഒരു ക്ഷണം സാരമില്ലെന്നു കരുതുന്നവര്‍ – അത്തരക്കാര്‍ക്ക് അറിവ് സമ്പാദിക്കുകയെന്നത് സാദ്ധ്യമാവുകയില്ല. ക്ഷണം സൂക്ഷ്മതയെ കാണിക്കുന്നതുകൊണ്ട് സൂക്ഷ്മചിന്തയുടെ പ്രാധാന്യത്തെയും ഇത് സൂചിപ്പിക്കുന്നു. സൂക്ഷ്മ ചിന്തയില്ലാത്തവര്‍ക്ക് വിദ്യയുണ്ടാവുകയില്ലെന്നുള്ളത് ഇതുകൊണ്ട് സ്പഷ്ടമാകുന്നു.
സമ്പത്തിന്റെ ചെറിയ അംശത്തെ അശ്രദ്ധയോടെ തള്ളിക്കളയുന്നവന് സമ്പത്ത് സ്വരൂപിക്കുന്നതിനും സമ്പന്നനാകുന്നതിനും സാദ്ധ്യമാവുകയില്ല. ഭാഷാ സമ്പത്തിലെ അനുസ്വാരം, വിസര്‍ഗ്ഗങ്ങള്‍ തുടങ്ങിയുള്ള കണങ്ങളെ അലക്ഷ്യമായിത്തള്ളുന്നവന് അര്‍ത്ഥബോധം ഉണ്ടാവുകയില്ല. ‘അണോരണീയാന്‍ മഹതോ മഹീയാന്‍ ആത്മാസ്യ ജന്തോര്‍ നിഹിതോ ഗുഹായാം’ എന്ന ഉപനിഷദ് വാക്യം ഇവിടെ സ്മരണീയമാണ്. ഈശ്വരനെ ചെറുതിലും ചെറുതായും (അതിസൂക്ഷ്മമായും) സര്‍വ്വവ്യാപിയായും (ഏറ്റവും വലുതായും) നിരൂപിച്ചിട്ടുണ്ട്. ജന്തുക്കളുടെ ജീവനില്‍ നിഗൂഢതലത്തില്‍ നിയാമകശക്തിയായി വര്‍ത്തിക്കുന്നതും ഭഗവാന്‍ തന്നെയാണ്. സൂക്ഷ്മചിന്തയില്ലാത്തവര്‍ക്ക് (കിങ്കണന്മാര്‍) ആത്മസ്ഥനായ ഈശ്വരനെ അറിയുവാനും ജീവിതത്തിന്റെ അര്‍ത്ഥം അഥവാ ലക്ഷ്യം മനസ്സിലാക്കുവാനും സാദ്ധ്യമാവുകയില്ല എന്ന് ഗൂഡാര്‍ത്ഥം.
കടം സാരമില്ലെന്നു ചിന്തിക്കുന്നവന് ഒരു ദിവസം പോലും സൗഖ്യം ലഭിക്കുകയില്ല. ‘നിത്യസൗഖ്യ’ത്തിന് നിത്യമായ സൗഖ്യം അല്ലെങ്കില്‍ സ്ഥിരമായ സൗഖ്യം എന്നും അര്‍ത്ഥമുണ്ട്. കര്‍മങ്ങള്‍ കൊണ്ട് സൃഷ്ടിക്കപ്പെടുന്ന ഋണബാദ്ധ്യത (ഋഷി-ദേവ-പിതൃ-ഋണങ്ങള്‍) നിര്‍വഹിക്കാത്തവന് നിത്യസൗഖ്യമായ കര്‍മ മുക്തി അഥവാ മോക്ഷം സിദ്ധിക്കയില്ല.
ദേവത്വത്തെ അധിക്ഷേപിച്ച് പുറം തള്ളുന്നവന് ഊര്‍ദ്ധ്വഗതി ഉണ്ടാവുകയില്ല. കര്‍മ്മത്തിന്റെ പുനര്‍ജന്മാവകാശങ്ങളില്‍ നിന്ന് അവന് മുക്തിയുണ്ടാവുകയില്ലെന്നര്‍ത്ഥം. ദേവത്വം പുനര്‍ജന്മാവകാശങ്ങളില്‍ നിന്ന് ജീവനെ പുരോഗതിയിലേയ്ക്ക് നയിക്കുന്ന സംസ്‌ക്കാരമാണ്. ഇത് അവനവന്റെ തന്നെ ജീവനില്‍ വരുത്തേണ്ട പരിവര്‍ത്തനത്തെയും അഭ്യുന്നതിയെയും കാണിക്കുന്നു. തന്നില്‍ വരുത്തേണ്ട മാറ്റത്തെ അവഗണിച്ച് ദേവനെ അന്യനായോ അന്യമായോ കാണുന്ന ആരോപണം പുരോഗതിക്ക് പ്രയോജനപ്പെടുകയില്ല.
Discussion about this post