പോത്തന്‍കോട്: പ്രമേഹരോഗികളായ വയോജനങ്ങള്‍ക്ക് ആശ്വാസത്തിന്റെ കൈത്തിരിയുമായി പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇന്‍സുലിന്‍ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണ് വയോമധുരം. 24 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയാണ് ഇന്‍സുലിന്‍ നല്‍കുന്നത്. ആറ് സര്‍ക്കാര്‍ ആശുപത്രികളിലായി 1,500 പേരാണ് പദ്ധതിയുടെ നിലവിലെ ഗുണഭോക്താക്കള്‍.
പ്രമേഹ ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ്, ശരിയായ നിയന്ത്രണമില്ലാത്തതിനെ തുടര്‍ന്നുണ്ടാകുന്ന മാരകരോഗങ്ങള്‍, സര്‍ക്കാര്‍ സംവിധാനത്തിലൂടെ ഇന്‍സുലിന്‍ ലഭ്യമാക്കുന്നതിനുണ്ടാകുന്ന പരിമിതി എന്നിവയാണ് വയോമധുരം പദ്ധതി ആരംഭിക്കാനുള്ള പ്രധാന കാരണങ്ങളെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി. ആര്‍ ഹരിപ്രസാദ് പറഞ്ഞു. ജീവിത ശൈലി രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന എന്‍.സി.ഡി സംവിധാനത്തില്‍ നിന്ന് മുതിര്‍ന്ന പൗരന്മാരെ വയോമധുരം പദ്ധതിയിലേക്ക് മാറ്റിയതിലൂടെ ആവശ്യക്കാര്‍ക്ക് മുടക്കമില്ലാതെ ഇന്‍സുലിന്‍ ലഭിക്കുന്നുവെന്നതാണ് പദ്ധതിയുടെ വിജയം.
സ്വകാര്യ ഫാര്‍മസികളില്‍ നിന്നും ഉയര്‍ന്ന വിലയ്ക്ക് വാങ്ങേണ്ടി വരുന്ന ഇന്‍സുലിന്‍ സൗജന്യമായി കൈകളിലെത്തുന്നത് വയോജനങ്ങള്‍ക്കിടയില്‍ പദ്ധതിയുടെ സ്വീകാര്യത വര്‍ധിപ്പിച്ചിരിക്കുകയാണ്.
Discussion about this post