കൊച്ചി: ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ വന്‍തുക സമ്പാദിക്കുന്നവരും അതേസമയം നികുതി അടയ്ക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ വലവിരിച്ച് ആദായ നികുതി വകുപ്പ്.
മാസം ഒരുലക്ഷം രൂപയിലേറെ സമ്പാദിക്കുന്ന 20കാരനായ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ നിരവധിപേര്‍ നിരീക്ഷണത്തിലാണ്. ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്ന യൂ ട്യൂബര്‍മാരെ പൂട്ടാനുള്ള നീക്കത്തിന് പിന്നാലെയാണ് പുതിയ നീക്കം. വന്‍തുക വരുമാനം ലഭിക്കുന്നവരോട് നികുതി അടയ്ക്കാനാകും ആദ്യം ആവശ്യപ്പെടുക. തയ്യാറായില്ലെങ്കില്‍ നടപടിയെടുക്കും. സ്ഥിരമായി കളിക്കുന്നവരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. അംഗീകാരമുള്ളതും അനധികൃതവുമായ ഓണ്‍ലൈന്‍ ഗെയിം പ്‌ളാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്ന പലര്‍ക്കും നല്ല വരുമാനം ലഭിക്കുന്നുണ്ട്. അതേസമയം നികുതി അടയ്ക്കുന്നുമില്ല.
മുംബൈ, ഡല്‍ഹി കേന്ദ്രമായ ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമുകളിലാണ് കൂടുതല്‍പേര്‍ കളിക്കുന്നത്. ഐ.ടി പ്രൊഫഷണലുകള്‍ ഉള്‍പ്പെടെ ഗെയിമുകളില്‍ സജീവമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഗള്‍ഫ് കേന്ദ്രമായി ഗെയിമുകള്‍ കളിച്ച് നാട്ടിലേയ്ക്ക് പണം അയയ്ക്കുന്ന പ്രവാസികളുമുണ്ട്. ഇവരെക്കുറിച്ച് ഗള്‍ഫില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
കാസര്‍കോട് ജില്ലക്കാരനായ 20കാരന്‍ ഓണ്‍ലൈന്‍ ഗെയിമില്‍ നിന്ന് മാസം ഒരുലക്ഷം രൂപയിലേറെയാണ് നേടുന്നത്. പ്രത്യേക കോഡ് ഉപയോഗിച്ചാണ് കളി. നികുതി അടയ്ക്കാറില്ല. അതേക്കുറിച്ച് അറിയില്ലെന്നാണ് പ്രാഥമികാന്വേഷണത്തില്‍ ഇയാള്‍ നല്‍കിയ മറുപടി. ഏതുതരം ഗെയിമാണ് ഇയാള്‍ കളിക്കുന്നത് ഉള്‍പ്പെടെ നിരീക്ഷിക്കുന്നുണ്ട്.
Discussion about this post