പുരാണങ്ങളിലൂടെ…
ദക്ഷിണ ദിക്കില്‍ ദേവഗിരിയെന്നു പേരുന്ന ഒരു ശ്രേഷ്ഠമായ പര്‍വ്വതം ഉണ്ട്. ആരിലും അത്ഭുതം തോന്നിക്കുന്ന ആ പര്‍വ്വതം എന്നും പ്രകാശം പ്രസരിപ്പിക്കുന്നതായിരുന്നു. ആ ദേവഗിരിയ്ക്ക് സമീപം ഭരദ്വാജകുലത്തില്‍ പിറന്ന സുധര്‍മ്മാ എന്നു പേരുള്ള ബ്രഹ്മജ്ഞാനി വസിച്ചിരുന്നു. ആ ബ്രാഹ്മണശ്രേഷ്ഠന്റെ പതിവ്രതയായ പത്‌നിയായിരുന്നു സുദേഹാ. അവള്‍ ആദ്ധ്യാത്മിക കാര്യങ്ങളിലും ലൗകികകാര്യങ്ങളിലും കുശലയായിരുന്നു. ദ്വിജശ്രേഷ്ഠനായ സുധര്‍മ്മന്‍ വേദമാര്‍ഗ്ഗം അവലംബിച്ചും ജീവിക്കുന്ന ഒരാളായിരുന്നു. നിത്യവും അഗ്നിഹോത്രം ചെയ്തിരുന്ന അദ്ദേഹത്തില്‍ സൂര്യകാന്തി വിളങ്ങിയിരുന്നു. വേദവിശാരദനായ അദ്ദേഹം വൈദികാദ്ധ്യാപകനായിരുന്നു. അതിധനവാനായ അദ്ദേഹം മഹാദാതാവുമായിരുന്നു. ശിവഭക്തനായ അദ്ദേഹം സദ്ഗുണങ്ങളുടെ കേദാരമായിരുന്നു.
ഇത്രയുമെല്ലാം ഗുണങ്ങള്‍ സുധര്‍മ്മനില്‍ ഉണ്ടായിരുന്നെങ്കിലും അയാള്‍ പുത്രഹീനനായിരുന്നു. ഇതില്‍ സുധര്‍മ്മന്‍ ഖിന്നനായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ഭാര്യയായ സുദേഹ ദുഃഖിതയായിരുന്നു. അവള്‍ എന്നും തന്റെ ഭര്‍ത്താവിനോട് പുത്രനുവേണ്ടി യാജിക്കുമായിരുന്നു. ഭര്‍ത്താവു പറഞ്ഞ സാന്ത്വന വാക്കുകള്‍ ഒന്നും അവളെ സന്തുഷ്ടയാക്കിയിരുന്നില്ല. അത്യന്തം ദുഃഖിതയായ ആ ബ്രാഹ്മണിയാകട്ടെ തന്റെ സഹോദരിയായ ഘൂശ്മയോട് തന്റെ ഭര്‍ത്താവിനെ വിവാഹം കഴിപ്പിച്ചു. വിവാഹത്തിന് മുമ്പു തന്നെ സുധര്‍മ്മന്‍ സുദേഹയോടു പറഞ്ഞു. സുദേഹെ, ഇപ്പോള്‍ നിനക്കു നിന്റെ സോദരി ഘൂശ്മ അതീവ പ്രിയങ്കരിയാണ്. എന്നാല്‍ അവള്‍ക്കൊരു പുത്രനുണ്ടാകട്ടെ നീയവളെ വെറുക്കാന്‍ തുടങ്ങിക്കൊള്ളും. സുധര്‍മ്മനെ വിവാഹം കഴിച്ച ഘുശ്മ ഒരു ദാസിയെന്നോണം സഹോദരിയെ സേവിച്ചുവന്നു. സുദേഹയ്ക്കും അവള്‍ അതിവാത്സല്യത്തിന്റെ ഇരിപ്പിടമായിരുന്നു. ശിവഭക്തയായ തന്റെ സഹോദരിയുടെ ആഗ്രഹമനുസരിച്ച് ഘുശ്മ 101 ശിവലിംഗങ്ങള്‍ ഉണ്ടാക്കി അതിനെ പൂജിക്കാന്‍ തുടങ്ങി. പൂജയ്ക്ക് ശേഷം ആ ശിവലിംഗങ്ങളെ സമീപത്തുള്ള കുളത്തില്‍ വിക്ഷേപിച്ചിരുന്നു.
ശങ്കര കൃപയാല്‍ ഘുശ്മയ്ക്ക് സദ്ഗുണ സമ്പന്നനായ ഒരു പുത്രനുണ്ടായി. കുട്ടി വളര്‍ന്നുകഴിഞ്ഞപ്പോള്‍ അയാളുടെ വിവാഹം നടന്നു. പുത്രന്റെ ഭാര്യ കൊട്ടാരത്തില്‍ എത്തിച്ചേര്‍ന്നു. പുത്രവധു വീട്ടിലെത്തിയതോടെ സുദേഹ കോപാനവയാകാന്‍ തുടങ്ങി. അവള്‍ ചിത്തഭ്രമം ബാധിച്ചവരെപ്പോലെ പൊരുമാറാന്‍ തുടങ്ങി. ഒരു ദിവസം രാത്രി ഉറങ്ങിക്കിടന്ന ഘുശ്മയുടെ മകനെ വെട്ടിവെട്ടി കഷണം കഷണമായി നുറുക്കി ഘുശ്മ പാര്‍ത്ഥിപ ലിംഗങ്ങള്‍ ഇടുന്ന കുളത്തില്‍ ഇട്ടു. വെട്ടിനുറുക്കിയ ശരീരാംശങ്ങളെ കുളത്തിലെറിഞ്ഞിട്ട് വീട്ടിലെത്തിയ അവള്‍ സുഖമായി ഉറങ്ങി. രാവിലെ ഉണര്‍ന്ന് പൂജാകര്‍മ്മങ്ങളില്‍ നിരതയായി. ശ്രേഷ്ഠ ബ്രാഹ്മണനായ സുധര്‍മ്മനാകട്ടെ നിത്യകര്‍മ്മത്തില്‍ വ്യാപൃതനായി. രാവിലെയെണീറ്റ ഘുശ്മാ പുത്രന്റെ ഭാര്യ തന്റെ ഭര്‍ത്താവിന്റെ ശയ്യയില്‍ രക്തം തളം കെട്ടിനില്‍ക്കുന്ന തും ശരീരം നുറുക്കുന്ന വേളയില തെറിച്ചുവീണ മാംസകഷണങ്ങള്‍ കിടക്കുന്നതും കണ്ടു.
ഇതുകണ്ടു ദുഃഖിതയായ അവള്‍ ഘുശ്മയുടെ അടുത്തുചെന്നിപ്രകാരം പറഞ്ഞു.
ഉത്തമവ്രതാചാരിണിയായ ആര്യേ, അവിടുത്തെ പുത്രന്‍ എവിടെയാണ്?
അദ്ദേഹത്തിന്റെ കിടക്കയില്‍ രക്തം തളം കെട്ടിക്കിടക്കുന്നു. ചിതറിക്കിടക്കുന്നു കുറച്ചു മാംശ കഷണങ്ങളും ഉണ്ട്. ആരാണീ ദുഷ്ടകര്‍മ്മം ചെയ്തത്.
എനിയ്ക്ക് സഹിക്കുന്നില്ലേ. എന്റെ എല്ലാം തുലഞ്ഞേ, എന്നിങ്ങനെ അവള്‍ ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി.
സുദേഹയും ആ അവസരത്തില്‍ വാവിട്ടു നിലവിളിച്ചു. സുദേഹയുടെ ഈ ദുഃഖപ്രകടനം ഒരു പുറം പൂച്ചായിരുന്നു. മനസ്സില്‍ അവള്‍ സന്തോഷം ഉള്‍ക്കൊണ്ടു. ഘുശ്മയ്ക്കാകട്ടെ മരുമകളുടെ ഈ ദുഃഖം കണ്ടിട്ടും ശിവലിംഗ പൂജാ വ്രതത്തില്‍ നിന്നും വ്യതിചലിച്ചില്ല. സ്വന്തം മകനെ ക്കാണാന്‍ അവള്‍ ഓത്സുക്യം കാണിച്ചില്ല. അവളുടെ ഭര്‍ത്താവിന്റെയു അവസ്ഥ മറിച്ചായിരുന്നില്ല. നിത്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുമുമ്പ് മറ്റൊരു കാര്യത്തിലും അവളുടെ ശ്രദ്ധ തിരിഞ്ഞിരുന്നില്ല. ഉച്ചപൂജയ്ക്ക് ശേഷം ഘുശ്മ തന്റെ മകന്റെ കിടക്കയിലേക്ക് കണ്ണോടിച്ചു. ആ ഭയങ്കര ദൃശ്യം അവളെ ഒട്ടും മാറ്റിമറിച്ചില്ല. അവള്‍ ചിന്തിക്കാന്‍ തുടങ്ങി. ഈ പുത്രനെ തന്നയാള്‍ തന്നെയിവനെ രക്ഷിക്കട്ടെ. കാലകാലനായ അദ്ദേഹം സത്പുരുഷന്മാര്‍ക്കാശ്രയമാണ്. അതുകൊണ്ട് ഞാനീ കാര്യത്തില്‍ ദുഃഖിച്ചിട്ടെന്തു ഫലം. ഇപ്രകാരം ചിന്തിച്ചയവള്‍ ശിവ വിശ്വാസത്തിലുള്ള ധൈര്യം ഉള്‍ക്കൊണ്ട് ദുഃഖം വെടിഞ്ഞു. തുടര്‍ന്നവര്‍ പാര്‍ത്ഥിപശിവലിംഗങ്ങളെയെടുത്തുകൊണ്ട് അല്ലല്‍ ഒന്നും ഇല്ലായെന്നോണം ശിവനാമം ജപിച്ചുകൊണ്ട് കുളത്തില്‍കരയില്‍ എത്തി. പാര്‍ത്ഥിപലിംഗത്തെ കുളത്തില്‍ വിക്ഷേപിച്ചു മടങ്ങാന്‍ തുടങ്ങുന്ന അവളുടെ മുന്നില്‍ തന്റെ പുത്രന്‍ നില്ക്കുന്നതായി അവള്‍ കണ്ടു.
പുത്രനെ ജീവനോടെ കണ്ട ഘുശ്മയ്ക്ക് സന്തോഷസന്താപങ്ങള്‍ ഉണ്ടായതേ ഇല്ല. ഒന്നും സംഭവിച്ചിട്ടില്ലായെന്നോണം അവള്‍ ശാന്തയായിരുന്നു. ഈ സമയത്ത് സന്തുഷ്ടനായ മഹേശ്വരന്‍ അവളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു.
മഹാദേവന്‍ ഘുശ്മയോടു പറഞ്ഞു. ഘുശ്‌മേ, സുമുഖീ, ഞാന്‍ നിന്നില്‍ പ്രസന്നനാണ്. അഭീഷ്ട വരം ആവശ്യപ്പെട്ടുകൊള്ളൂ. നിന്റെ ജ്യേഷ്ഠത്തി ഈ കുട്ടിയെ കൊന്നിരുന്നു. അതുകൊണ്ട് ഞാന്‍ അവളെ ത്രിശൂലത്തില്‍ കോര്‍ക്കും.
ശിവവചനം ശ്രവിച്ച ഘുശ്മ പ്രണമിച്ചുകൊണ്ട് വരം ആവശ്യപ്പെട്ടു. ഭഗവാനെ, ഈ സുദേഹ എന്റെ ചേച്ചിയാണ്. എന്റെ ചേച്ചിയെ അവിടുന്ന് രക്ഷിക്കണം.
ആശ്ചര്യപൂര്‍വ്വം ശിവന്‍ ചോദിച്ചു: അവള്‍ മഹാ അപരാധിനിയാണ്. അങ്ങനെയുള്ളവള്‍ക്ക് നീയെന്തിനുപകാരം ചെയ്യുന്നു. അങ്ങനെയുള്ള അവള്‍ ഈ ത്രിശൂലത്തില്‍ കോര്‍ക്കപ്പെടാന്‍ യോഗ്യ തന്നെ.
ഘുശ്മ മറുപടിയായി മഹാദേവനോടു പറഞ്ഞു: അങ്ങയുടെ ദര്‍ശന മാത്രയില്‍ തന്നെ പാപം ഭസ്മമായിപ്പോകും. ദുഷ്ടത കാട്ടുന്നവര്‍ക്ക് ഉപകാരം ചെയ്തുകൊടുത്താല്‍ ആ ഉപകാരിയെക്കാണുമ്പോള്‍ തന്നെ പാപം ഓടി മറയും. ഇത് അവിടുത്തെ അരുളപ്പാടാണ്. അതുകൊണ്ട് ഹേ മഹാദേവാ, കുകര്‍മ്മികള്‍ അപ്രകാരം തന്നെയിരിക്കട്ടെ. ഞാനും എന്തിനു പക വീട്ടുന്നവളായിത്തീരണം. പാപം ചെയ്യുന്നവര്‍ക്കും നന്മ ചെയ്യാനാണെനിക്കഭിലാഷം. ഘുശ്മയുടെ സദ്ഗുണത്തിലും മഹേശന്‍ സംതതൃപ്തനായി. അതുകൊണ്ടു ശിവന്‍ വീണ്ടും പറഞ്ഞു, നീ വരം വാങ്ങിക്കൊള്‍ക. ആവര്‍ത്തിച്ചുള്ള മഹാദേവന്റെ വരദാനത്തിനുള്ള ഉത്സാഹം കണ്ട ഘുശ്മ മഹാദേവനോടു പറഞ്ഞു, അങ്ങ്, വരം കൊടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആ വരം, അങ്ങിവിടെ സ്ഥിരമായി സ്ഥിതി ചെയ്യുക എന്നതാകട്ടെ. കൂടാതെ അങ്ങയുടെ ആ സാന്നിദ്ദ്യം എന്റെ പേരില്‍ അറിയപ്പെടട്ടെ.
പ്രസന്നായ മഹേശ്വരന്‍ ഘുശ്‌മേശ്വരനായി അവിടെ കുടിക്കൊണ്ടു. നിന്റെ കുടുംബത്തില്‍ ശ്രേഷ്ഠപുത്രന്മാര്‍ ഉണ്ടാകും. വിദ്വാന്മാരായ ആ സത്പുത്രന്‍മാര്‍ മോക്ഷരൂപമായ ഫലം അനുഭവിക്കാന്‍ അധികാരം ഉള്ളവരായിത്തീരും. ഇത്രയും വരങ്ങള്‍ നല്കി മഹേശ്വരന്‍ അവിടെ ജ്യോതിര്‍ലിംഗമായി കുടിക്കൊണ്ടു. ആ ജ്യോതിര്‍ലിംഗമാണ് ഘുശ്‌മേശ്വരന്‍ എന്ന് പ്രസിദ്ധമായത്.
കണ്ണിനു കണ്ണ് എന്നത് സനാതന സംസ്‌കാര വിരുദ്ധമാണ്. സ്വന്തം പുത്രനെ വെട്ടിനുറുക്കിയ സഹോദരിയെ ശിക്ഷിക്കാന്‍ വന്ന മഹാദേവനെ അവളുടെ തന്നെ രക്ഷിതാവാക്കിയത് സനാതന സംസ്‌കാരം കൊണ്ടാണ്. ഒരുവനില്‍ ഇല്ലാത്തത് അന്യവും ഉണ്ടാവരുത് എന്നാഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. സ്വാര്‍ത്ഥപ്രേരിതമായ ആ ആഗ്രഹം നമ്മുടെ അറിവിനു വിഷയമാകുന്നതുകൊണ്ട് ദോഷസങ്കലിതമാകാതെ മാറ്റിനിര്‍ത്താന്‍ സാധിച്ചെന്നുവരാം. എന്നാല്‍ തനിക്കില്ലാത്ത മേന്മ അന്യനുണ്ടാകണമെന്ന് ചിലര്‍ ആത്മവഞ്ചനയോടെ ആഗ്രഹിക്കാറുണ്ട്. പുത്രോത്പത്തിയ്ക്കു വേണ്ടി തന്റെ സഹോദരിയെ സുധര്‍മ്മന്‍ പാണിഗ്രഹമം ചെയ്തുകൊള്ളട്ടെയെന്ന സുദേഹയുടെ തീര്‍പ്പ് മേല്‍പ്പറഞ്ഞ നിലയിലുള്ളതായിരുന്നു. തന്റെ ഭര്‍ത്താവില്‍ നിന്നും താന്‍ കാംക്ഷിച്ച പുത്രലാഭം തന്റെ സഹോദരിയാണെങ്കില്‍പ്പോലും അന്യസ്ത്രീയില്‍ ഫലവത്തായത് സുദേഹ സഹിച്ചില്ല. ബാലകന്റെ കൊലപാതകത്തിന്റെ പിന്നിലെ രഹസ്യം അതാണ്.
അചഞ്ചലമായ ഈശ്വര വിശ്വാസം ഏതു ദുഃഖത്തിനും ഒരു പോംവഴിയാണെന്ന് സനാതന സംസ്‌കാരം ഉദ്‌ഘോഷിക്കുന്നു. അര്‍പ്പിത ഭാവത്തോടെയുള്ള ഘുശ്മായുടെശിവ തപസ്സ് പുത്രമരണ വൃത്താന്തം പോലും അവളിലേക്കടുപ്പിച്ചില്ല. അഭംഗുരം പുനര്‍ജ്ജനിച്ച പുത്രനെക്കണ്ടയവള്‍ക്ക് ഒന്നും സംഭവിച്ചതായി തോന്നാത്തത് ആത്യന്തികമായി ശിവകാരുണ്യമുള്ള തനിയ്ക്ക് അല്ലല്‍ ഒന്നും ഏല്‍ക്കുകയില്ലെന്ന ദൃഢവിശ്വാസം കൊണ്ടു മാത്രമാണ്. ഇവിടെ വിശ്വാസം രക്ഷിച്ചു.
Discussion about this post