തിരുവനന്തപുരം: സംസ്ഥാനത്ത് അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി നല്‍കുമെന്നും ഇതിന് മനുഷ്യ നിര്‍മിതമായ ഏതെങ്കിലും നിയമങ്ങള്‍ തടസം നില്‍ക്കുന്നുവെങ്കില്‍ അവയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. രേഖകളില്ലാതെ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്കും അര്‍ഹരായ ഭൂരഹിതര്‍ക്കും ഭൂമി നല്‍കാനായി ആരംഭിച്ച പട്ടയ മിഷന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എല്‍.എമാരുടെ നേതൃത്വത്തില്‍ നടത്തുന്ന പട്ടയ അസംബ്ലിയുടെ സംസ്ഥാനതല ഉദ്ഘാടനവും നെടുമങ്ങാട് മണ്ഡലത്തിലെ പട്ടയ വിതരണത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വില്ലേജ്-പഞ്ചായത്ത് തലങ്ങളിലുളള ജനപ്രതിനിധികളില്‍ നിന്നും വില്ലേജ് തല ജനകീയ സമിതികളില്‍ നിന്നും ശേഖരിക്കുന്ന പട്ടയ പ്രശ്നങ്ങളാണ് പട്ടയ അസംബ്ലികള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നത്. അതത് മണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ അധ്യക്ഷനായും തഹസില്‍ദാര്‍ റാങ്കില്‍ കുറയാത്ത നോഡല്‍ ഓഫീസര്‍ കണ്‍വീനറും മണ്ഡലത്തിലെ മുഴുവന്‍ ജനപ്രതിനിധികളും അംഗങ്ങളുമായാണ് പട്ടയ അസംബ്ലികള്‍ രൂപീകരിക്കുന്നത്. പട്ടയവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ വാര്‍ഡ് മെമ്പര്‍മാര്‍ അടക്കുള്ള ജനപ്രതിനിധികള്‍ക്കുള്ള അവസരമാണ് പട്ടയ അസംബ്ലികളെന്നും മന്ത്രി പറഞ്ഞു. രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 1, 23,000 പേര്‍ ഭൂമിയുടെ അവകാശികളായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെമ്പായം കൈരളി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷനായിരുന്നു. നെടുമങ്ങാട് മണ്ഡലത്തിലെ 127 പേര്‍ക്കുള്ള പട്ടയവും ചടങ്ങില്‍ വിതരണം ചെയ്തു. രണ്ടു വര്‍ഷത്തിനിടെ മണ്ഡലത്തില്‍ ആകെ 432 പേര്‍ക്ക് പട്ടയം വിതരണം ചെയ്തതായി മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. 30 പേരുടെ അപേക്ഷകളില്‍ നടപടികള്‍ നടന്നുവരികയാണ്. ചുമതലയേറ്റെടുത്തതിന് ശേഷം തനിക്ക് നേരിട്ട് അപേക്ഷ നല്‍കിയതും ജനപ്രതിനിധികള്‍ ശ്രദ്ധയില്‍പ്പെടുത്തിയതുമായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷത്തോടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പട്ടയം നല്‍കുന്ന സംസ്ഥാനത്തെ ആദ്യ മണ്ഡലമായി നെടുമങ്ങാടിനെ മാറ്റുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മന്ത്രിമാരായ കെ.രാജന്‍, ജി.ആര്‍.അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ആദ്യ പട്ടയ അസംബ്ലിയും വെമ്പായത്ത് ചേര്‍ന്നു. മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷനും നെടുമങ്ങാട് ആര്‍.ഡി.ഒ കെ.പി.ജയകുമാര്‍ കണ്‍വീനറും മണ്ഡലത്തിലെ മുഴുവന്‍ ജനപ്രതിനിധികള്‍ അംഗങ്ങളുമാണ്. ആഗസ്റ്റ് 20നു മുമ്പ് സംസ്ഥാനത്തെ മുഴുവന്‍ പട്ടയ അസംബ്ലികളും യോഗം ചേരും. വാര്‍ഡ് മെമ്പര്‍മാര്‍ മുതല്‍ നിയമസഭാ സമാജികര്‍ വരെയുളള ജനപ്രതിനിധികളുടെ സഹകരണത്തോടെ അര്‍ഹരായ ഭൂരഹിതരെ കണ്ടെത്തി പട്ടയ മിഷനെന്ന ദൗത്യം വിജയിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ചടങ്ങില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ , ലാന്റ് റവന്യൂ കമ്മിഷണര്‍ ഡോ. എ. കൗശികന്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, രാഷ്ട്രീയ – സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും സംബന്ധിച്ചു.













