മലപ്പുറം: പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി(കരുവാട്ട് മന വാസുദേവന്‍ നമ്പൂതിരി-97) അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1925 സെപ്തംബര്‍ 13ന് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായാണ് ജനനം. ചെന്നൈയിലെ ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍നിന്ന് ചിത്രകല അഭ്യസിച്ചു.
റോയ് ചൗധരി, കെ സി എസ് പണിക്കര്‍ തുടങ്ങിയ പ്രമുഖരുടെ കീഴിലായിരുന്നു ചിത്രകലാ പഠനം. 1960 മുതല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരച്ചുതുടങ്ങി. കലാകൗമുദി, സമകാലിക മലയാളം തുടങ്ങിയവയിലും വരച്ചു.
2004ല്‍ കേരള ലളിതകലാ അക്കാദമി രാജാരവിവര്‍മ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു. 2022ലും ലളിതകലാ അക്കാദമി ആദരിച്ചു. കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും (ഉത്തരായനം) സംസ്ഥാന ബാലസാഹിത്യ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
കഥകളി നര്‍ത്തകരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിത്രശേഖരവും ശ്രദ്ധയമാണ്. ആത്മകഥാംശമുള്ള രേഖകള്‍ എന്ന പുസ്തകം പുറത്തിറങ്ങി. കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനാണ്.
എം ടി, വികെഎന്‍, തകഴി, എസ്.കെ. പൊറ്റെക്കാട്ട്, പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങിയ പ്രമുഖരുടെ നോവലുകള്‍ക്കും കഥകള്‍ക്കും വരച്ചു. അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരയാനം, കാഞ്ചനസീത തുടങ്ങിയ സിനിമകളുടെ ആര്‍ട്ട് ഡയറക്ടറായിരുന്നു. മൃണാളിനിയാണ് ഭാര്യ. മക്കള്‍: പരമേശ്വരന്‍, വാസുദേവന്‍. മരുമക്കള്‍: ഉമ, സരിത.
Discussion about this post