തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് അടയ്‌ക്കുന്നതില്‍ കുടിശിക വരുത്തിയ ജല അതോറിറ്റിയുടെ എല്ലാ കണക്‌ഷനുകളും ഉടന്‍ വിച്‌ഛേദിക്കാന്‍ വൈദ്യുതി ബോര്‍ഡ് നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ചു ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍മാരുടെ നിര്‍ദ്ദേശം അതാതു സെക്‌ഷന്‍ ഓഫിസുകള്‍ക്കു നല്‍കി. എത്രയും വേഗം നടപടിയെടുക്കാനാണ് ഉത്തരവ്. തൊടുപുഴ, കണ്ണൂര്‍, തിരുവനന്തപുരം, തിരുവല്ല, കോഴിക്കോട് തുടങ്ങിയിടങ്ങളിലെ പമ്പിങ് സ്‌റ്റേഷനുകളിലേക്കുള്ള വൈദ്യുതി ബന്ധം ഇതിനകം വിച്‌ഛേദിച്ചു. പമ്പിങ് മുടങ്ങിയതോടെ ഈ മേഖലകളില്‍ കുടിവെള്ളം മുടങ്ങുന്ന സ്‌ഥിതിയായി.
കുടിശിക 150 കോടിയോളം എത്തിയതിനെ തുടര്‍ന്നാണ് വൈദ്യുതി ബോര്‍ഡ് നടപടി സ്വീകരിച്ചത്. ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 111 കോടിയാണു കുടിശിക. ഒരോ മാസവും ശരാശരി 12 കോടി രൂപയാണു ജലഅതോറിറ്റിയുടെ കുടിശിക.ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയനുസരിച്ച് 2008 മാര്‍ച്ച് 31 വരെയുള്ള വൈദ്യുതി നിരക്കായി ജല അതോറിറ്റിയില്‍ നിന്ന് 250 കോടിരൂപ വാങ്ങി പലിശയും പിഴപ്പലിശയും വൈദ്യുതി ബോര്‍ഡ് എഴുതിത്തള്ളിയിരുന്നു.
അന്നുണ്ടാക്കിയ ധാരണ അനുസരിച്ച് ഒരോ മാസവും കൃത്യമായി വൈദ്യുതി നിരക്ക് നല്‍കാമെന്ന് ജല അതോറിറ്റി സമ്മതിച്ചിരുന്നുവെങ്കിലും പാലിച്ചില്ല. പലതവണ നോട്ടിസ് നല്‍കിയിട്ടും വൈദ്യുതി നിരക്ക് നല്‍കാത്തതിനാലാണ് വൈദ്യുതി ബോര്‍ഡ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. വൈദ്യുതി ബോര്‍ഡ് കര്‍ശന നിലപാടുമായി മുന്നോട്ടുപോയാല്‍ സംസ്‌ഥാനത്തെ ജലവിതരണ പദ്ധതികള്‍ പൂര്‍ണമായും നിശ്‌ചലമാകും. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും തദ്ദേശസ്വയംഭരണ മന്ത്രിയുമായി കൂടിയാലോചിച്ചു പരിഹാരമുണ്ടാക്കുമെന്നു ജലവിഭവ വകുപ്പ് മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ പ്രതികരിച്ചു. തദ്ദേശ സ്‌ഥാപനങ്ങള്‍ പണം അടയ്‌ക്കാത്തതാണു കുടിശികയ്‌ക്കു കാരണമെന്നും മന്ത്രി പറഞ്ഞു.
Discussion about this post