ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. മഴക്കെടുതിയില്‍ ഇതുവരെ നൂറിലധികം പേര്‍ മരണപ്പെട്ടു. യമുനയില്‍ ജലനിരപ്പ് കഴിഞ്ഞ പത്ത് വര്‍ഷത്തേക്കാള്‍ ഉയര്‍ന്നു. ഹിമാചല്‍ പ്രദേശില്‍ നിരവധി റോഡുകള്‍ മഴയിലും മണ്ണിടിച്ചിലിലും ഒലിച്ചുപോയി.
ഹരിയാനയിലെ ഹത്നികുണ്ഡ് അണക്കെട്ടില്‍ നിന്നും വെള്ളം തുറന്നുവിട്ടതോടെയാണ് യമുനാ നദി ഡല്‍ഹിയില്‍ കരകവിഞ്ഞത്. 1978ന് ശേഷം ഇതാദ്യമായാണ് യമുനാ നദിയിലെ ജലനിരപ്പ് 207 അടിക്ക് മുകളില്‍ ഉയരുന്നത്. 207.66 അടിയാണ് നിലവില്‍ യമുനയിലെ ജലനിരപ്പ്. യമുനയ്ക്ക് സമീപം താമസിക്കുന്ന കര്‍ഷകര്‍ ഉള്‍പ്പടെയുള്ളവരെ സര്‍ക്കാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
സ്ഥിതി സങ്കീര്‍ണമായ സാഹചര്യത്തിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നത്. മന്ത്രിമാര്‍, മേയര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. നദിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കാനാണ് ജനങ്ങള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം. ഡല്‍ഹി സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഹിമാചല്‍പ്രദേശില്‍ നിന്ന് ഹരിയാനയിലേയ്ക്ക് വെള്ളം തുറന്നുവിടുന്നതിന്റെ അളവ് കുറച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
Discussion about this post