തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും. മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് ബംഗളൂരുവില്‍നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം ഉമ്മന്‍ ചാണ്ടി പതിവായി പ്രാര്‍ഥനക്കെത്താറുള്ള സെക്രട്ടേറിയറ്റിനു സമീപത്തെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു കെപിസിസി ആസ്ഥാനത്തെ പൊതുദര്‍ശനത്തിനുശേഷം തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടു പോകും.
ബുധനാഴ്ച രാവിലെ ഏഴിന് വിലാപയാത്രയായാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ടു പോകുക. കോട്ടയം തിരുനക്കരയില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. മുന്‍ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.













