തിരുവനന്തപുരം: വിദ്യാര്‍ഥിനേതാവായിരുന്ന കാലം മുതല്‍ സവിശേഷമായ നേതൃവൈഭവം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെപിസിസിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഈ നേതൃവൈഭവമാണ് ചുരുങ്ങിയ നാളുകള്‍കൊണ്ട് കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് ഉമ്മന്‍ചാണ്ടിയെ എത്തിച്ചത്. ഉമ്മന്‍ ചാണ്ടിക്കൊപ്പം ഒന്നിച്ചാണ് താനും നിയമസഭാ പ്രവര്‍ത്തനം തുടങ്ങിയത്. തന്റെ രാഷ്ട്രീയത്തില്‍ നിയമസഭ പ്രവര്‍ത്തനത്തിന് ഇടവേളയുണ്ടായിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടി തുടര്‍ച്ചയായി മികച്ച പ്രവര്‍ത്തനം ഭംഗിയായി നിര്‍വഹിച്ച് നല്ല രീതിയില്‍ ശോഭിക്കുന്ന ഭരണാധികാരിയായി.
രോഗം വേട്ടയാടുന്ന അവസ്ഥ വന്നെങ്കിലും ഒരു ഘട്ടത്തിലും തളരാതെ അര്‍പ്പിതമായ ഉത്തരവാദിത്വം നിറവേറ്റിയേ മതിയാകൂ എന്ന വാശിയോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ആദ്യഘട്ട ചികിത്സ കഴിഞ്ഞ് തിരുവനന്തപുരത്തെ ഒരു പരിപാടിയില്‍വച്ച് ഉമ്മന്‍ ചാണ്ടിയെ കണ്ടപ്പോള്‍ പഴയതിലും പ്രസരിപ്പും ഉന്മേഷവും ഉണ്ടായിരുന്നു. താനും ഡോക്ടറുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഉമ്മന്‍ ചാണ്ടിയോട് വിശ്രമിക്കാന്‍ പറയണമെന്നാണ് ഡോക്ടര്‍ തന്നോട് പറഞ്ഞതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. എന്നാല്‍ വിശ്രമിക്കുകയെന്നത് അദ്ദേഹത്തിന്റെ രീതിയായിരുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. ഇത് കോണ്‍ഗ്രസിനും യുഡിഎഫിനും വേഗത്തില്‍ നികത്താനാകാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും സമീപനരീതികളും നമ്മുടെ ജീവിതത്തിലേക്ക് കുറച്ചെങ്കിലും പകര്‍ത്താന്‍ കഴിയണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി ഒരു വലിയ ഉത്തരവാദിത്വം കൈമാറിയിട്ടാണ് മടങ്ങിപ്പോയത്. ഉമ്മന്‍ ചാണ്ടിയാകുക എന്നത് കോണ്‍ഗ്രസുകാരന്റെ മാത്രമല്ല, എല്ലാ പൊതുപ്രവര്‍ത്തകരുടെയും ലക്ഷ്യവും സ്വപ്നവുമായിരിക്കണമെന്നും സുധാകരന്‍ ഓര്‍മിപ്പിച്ചു.
കണ്ണുകളില്‍ കാരുണ്യത്തിന്റെ കടലും വിരലുകളില്‍ സ്നേഹസ്പര്‍ശവുമായി ജീവിച്ച നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അനുസ്മരിച്ചു. ഉമ്മന്‍ ചാണ്ടിക്ക് പകരക്കാരനാകാന്‍ ആര്‍ക്കും കഴിയില്ല. ആ ശൂന്യത എന്നും നിലനില്‍ക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. മനുഷ്യരെ ഭിന്നിപ്പാക്കാന്‍ പലരും ശ്രമിക്കുന്ന ഇക്കാലത്ത് എല്ലാവരെയും ഒന്നിപ്പിക്കുന്ന പേരായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏതു പ്രശ്നത്തിനും പരിഹാരം കാണാനുള്ള അനിതരസാധാരണമായ വൈഭവമുള്ള നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.













