തിരുവനന്തപുരം: കേരളത്തിന് ഒരു വന്ദേഭാരത് എക്സ്പ്രസ് കൂടി അനുവദിക്കുമെന്ന് കേന്ദ്രം പറഞ്ഞതായി ബി ജെ പി. ഇക്കാര്യത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നല്‍കിയതായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു. ട്രെയിന്‍ ആവശ്യപ്പെട്ട് താന്‍ കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് – തിരുവനന്തപുരം റൂട്ടിലാകും പുതിയ സര്‍വീസ്.
‘കേരളീയര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കുന്ന ഓണസമ്മാനമാണിത്. വിഷുക്കൈനീട്ടമായി കേന്ദ്രം നല്കിയ വന്ദേഭാരത് എക്സ്പ്രസിനെ ഇരുകൈയും നീട്ടിയാണ് കേരളം സ്വീകരിച്ചത്. ഈ ട്രെയിനിലെ തിരക്കിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ രണ്ടാമത്തെ വന്ദേഭാരത് അനുവദിക്കുന്നത്. രണ്ടാമത്തെ വന്ദേഭാരത് ആവശ്യപ്പെട്ട് കത്ത് നല്‍കിയതിനെ തുര്‍ന്ന് കേന്ദ്രം അടിയന്തര നടപടി കൈക്കൊള്ളുകയായിരുന്നു’ കെ സുരേന്ദ്രന് പറഞ്ഞു.
രാജ്യത്താകമാനം ഓടുന്ന 23 വന്ദേഭാരത് എക്സ്പ്രസുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നും രണ്ടും സ്ഥാനം കേരളത്തിലോടുന്ന ട്രെയിനിനാണ്. കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് സര്‍വീസിനാണ് ഒന്നാം സ്ഥാനം. വൈദ്യുതീകരിച്ച റെയില്‍ പാതകളുള്ള എല്ലാ സംസ്ഥാനങ്ങളിലും ജൂണ്‍ അവസാനത്തോടെ വന്ദേഭാരത് നല്‍കിക്കഴിഞ്ഞു.
Discussion about this post