തിരുവനന്തപുരം: കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയായി മാറ്റുന്ന പ്രവര്‍ത്തനങ്ങളെകുറിച്ച് ആഴത്തില്‍ ചര്‍ച്ചചെയ്യാന്‍ സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023 ഓഗസ്റ്റ് 12 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും. 12ന് ടാഗോര്‍ തീയറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഏഴ് വേദികളില്‍ വിവിധ സെഷനുകളായി നടക്കുന്ന പരിപാടിയില്‍ 18 സര്‍ക്കാര്‍ സ്ഥാപനങ്ങളും പതിനാറോളം സര്‍ക്കാരിതര സ്ഥാപനങ്ങളും പങ്കാളികളാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഏഷ്യ-പസഫിക് ലിനക്സ് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് ജൂലിയന്‍ ഗോര്‍ഡന്‍, ഐ.ഐ.എസ്.സി. ബാംഗ്ലൂരിലെ ഡോ. നരസിംഹമൂര്‍ത്തി എന്നിവര്‍ ഉദ്ഘാടന സമ്മേലനത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണിരാജു, ശശി തരൂര്‍ എം.പി., ഡോ. തോമസ് ഐസക് തുടങ്ങിയവരും പങ്കെടുക്കും. പ്രൊഫഷണല്‍ കോളജുകളില്‍ കെ-ഡിസ്‌ക് സംഘടിപ്പിക്കുന്ന ഐഡിയാത്തോണില്‍ വിജയികളായ 1000 പേര്‍ക്കുള്ള ‘കേരള വിഷന്‍ 2035’ ആണ് ഉദ്ഘാടന ദിവസത്തെ പ്രധാന പരിപാടി.
അനുബന്ധ വേദികളിലായി സെമിനാറുകള്‍, സംവാദങ്ങള്‍, ചര്‍ച്ചകള്‍, എക്സിബിഷനുകള്‍, കോണ്‍ഫറന്‍സുകള്‍, സാംസ്‌കാരിക പരിപാടികള്‍, ഫിലിം പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ഉണ്ടാവും. എല്ലാ ദിവസവും വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.
ഫ്രീഡം ഫെസ്റ്റിന്റെ മുന്നോടിയായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓഗസ്റ്റ് 5 മുതല്‍ 12 വരെ ലിറ്റില്‍ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തും. അധ്യയന സമയം നഷ്ടപ്പെടുത്താതെയായിരിക്കും ഇത്. സ്വതന്ത്ര സോഫ്റ്റ് വെയര്‍ ആശയ പ്രചരണത്തോടൊപ്പം സ്വതന്ത്ര ഹാര്‍ഡ് വെയര്‍ ഉപയോഗവും കൂടി ലക്ഷ്യമിട്ടാണ് പ്രചാരണം. ഓഗസ്റ്റ് 9-ന് സ്‌കൂള്‍ അസംബ്ലിയില്‍ ഫ്രീഡം ഫെസ്റ്റ് 2023-മായി ബന്ധപ്പെട്ട സന്ദേശം വായിക്കും.
നൂതന സാങ്കേതിക വിദ്യകളും സ്റ്റാര്‍ട്ടപ്പുകളും സാധാരണക്കാരിലേക്കും കൂടി എത്തിക്കുക എന്ന പ്രധാന ലക്ഷ്യവും ഫ്രീഡം ഫെസ്റ്റ് മുന്നോട്ട് വയ്ക്കുന്നു. പ്രമുഖ സ്റ്റാര്‍ട്ട് അപ്-കളുടെയും ഇ-ഗവേണന്‍സ്, സ്വതന്ത്ര വിജ്ഞാന സംരംഭങ്ങളുടെയും പ്രദര്‍ശനങ്ങള്‍ മേളയുടെ മുഖ്യ ആകര്‍ഷണമായിരിക്കും.
ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് ഡോ. തോമസ് ഐസക് ചെയര്‍മാനായ അക്കാദമിക് കമ്മിറ്റിയും വി.ശിവന്‍കുട്ടി ചെയര്‍മാനും വി.കെ. പ്രശാന്ത് എം.എല്‍.എ. ജനറല്‍ കണ്‍വീനറായ സംഘാടക സമിതിയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഫ്രീഡം ഫെസ്റ്റ് 2023-മായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സോപാധിക അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. www.freedomfest2023.in എന്ന വെബ്സൈറ്റില്‍ വിശദാംശങ്ങള്‍ ലഭ്യമാണെന്നും എന്ന മന്ത്രി പറഞ്ഞു.
മാറുന്ന കാലത്തിനനുസരിച്ച് വിജ്ഞാനത്തിന്റെ സ്വതന്ത്ര മേഖലകളിലേക്ക് കടന്നുചെല്ലാന്‍ കെല്‍പ്പുള്ളവരാക്കുന്ന വിവിധ വിഷയമേഖലകള്‍, ഫെസ്റ്റ് കൈകാര്യം ചെയ്യുമെന്ന് മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്‍ക്ലൂഷന്‍ ആന്‍ഡ് ഇന്നൊവേഷന്‍, സസ്റ്റൈനബിള്‍ ആന്‍ഡ് ഇക്വിറ്റബിള്‍ ഡെവലപ്മെന്റ്, ഇന്റര്‍നെറ്റ് ഗവേര്‍ണന്‍സ്, ബ്യൂട്ടി ഓഫ് ലൈഫ്, ജിനോമിക്സ്, മെഡിക്കല്‍ ടെക്നോളജി, സൈബര്‍ നിയമം, മീഡിയാ ഫ്രീഡം, കേരള എന്റര്‍പ്രൈസ് ആര്‍കിടെക്ചര്‍, ഡിജിറ്റല്‍ വിദ്യാഭ്യാസം, ബ്ലോക്ക് ചെയിന്‍ തുടങ്ങിയ വിവിധ മേഖലകള്‍ മുഖ്യവേദിയില്‍ ചര്‍ച്ച ചെയ്യും. വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന ഈ വിഷയങ്ങളിലെല്ലാം രാജ്യാന്തര പ്രസിദ്ധരായ വിദഗ്ധര്‍ ആണ് പങ്കെടുക്കുന്നത്.
ഓഗസ്റ്റ് 12 ന് ഉദ്ഘാടന സമ്മേളനത്തിനു ശേഷം നടക്കുന്ന പ്രൊഫഷണല്‍ മീറ്റില്‍ വിദ്യാര്‍ഥികളുമായി ഐ.ഐ.ടി. മദ്രാസിലെ പ്രൊഫ. ടി. പ്രദീപ്, മെഡ്ജിനോം സി.ഇ.ഒ. സാം സന്തോഷ്, മുരളി തുമ്മാരുകുടി, മനൂസ് ബയോ എം.ഡി. അജികുമാര്‍ പാറയില്‍, കൊച്ചിന്‍ ഷിപ്യാര്‍ഡ് സി.എം.ഡി. ഡോ. മധു എസ്. നായര്‍, ഡോ. ഇരുദയരാജന്‍ തുടങ്ങിയവര്‍ സംവദിക്കും. തുടര്‍ന്ന് 2023-ലെ കേരളത്തിന്റെ രൂപകല്പനയെ കുറിച്ചുള്ള യങ് പ്രെഫഷണല്‍ മീറ്റിന്റെ ആശയ ക്രോഡീകരണം ഡോ. ടി.എം. തോമസ് ഐസക്കും എസ്.ഡി. ഷിബുലാലും (ഇന്‍ഫോസിസ്) നടത്തും. നെറ്റ് വര്‍ക്കിംഗ് ഓഫ് പ്രൊഷണല്‍ സെഷനില്‍ വ്യവസായ മന്ത്രി പി.രാജീവ് സംസാരിക്കും.
ഓഗസ്റ്റ് 13-ന് (രണ്ടാം ദിവസം) മുഖ്യവേദിയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌ക്കാരങ്ങളെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു സംസാരിക്കും. തുടര്‍ന്ന് ഐ.ഐ.ടി. മദ്രാസിലെ പ്രൊഫ. ഗൗരവ് റെയ്ന, ഐ.ഐ.റ്റി ബാംഗ്ലൂരിലെ പ്രൊഫ. പാണ്ഡുരംഗ, ട്രാന്‍സ്ഫോം യൂറോപ്പ് ബ്രസല്‍സിന്റെ ഡോ. റോളണ്ട് കുല്‍കെ, സബ്രിയെ റ്റെന്‍ബര്‍ക്കന്‍, പോള്‍ ക്രോണന്‍ ബര്‍ഗ്, പ്രബീല്‍ പുര്‍ക്കായസ്‌തെ തുടങ്ങിയവര്‍ സംസാരിക്കും. ഇന്റര്‍നെറ്റ് ഗവേണന്‍സിന്റെ പ്രത്യേക സെഷനില്‍ ഇന്റര്‍നെറ്റ് സൊസൈറ്റി യു.കെ.യിലെ ഒളിവര്‍ ക്രെപിന്‍, അമൃത ചൗധരി തുടങ്ങിയവര്‍ സംബന്ധിക്കും. കേരളത്തിന്റെ ടൂറിസം സാധ്യതകളെക്കുറിച്ച് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രഭാഷണം നടത്തും. വൈകിട്ട് നടക്കുന്ന ബ്യൂട്ടി ഓഫ് ലൈഫില്‍ നടന്‍ മോഹന്‍ അഗാഷേ, നടി ഗൗതമി, തിരക്കഥാകൃത്ത് അന്‍ജും രാജമൂര്‍ത്തി തുടങ്ങിയവര്‍ സംസാരിക്കും.
ഓഗസ്റ്റ് 14 ന് ലോക്കല്‍ ഗവേണന്‍സില്‍ തദ്ദേശഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷ് പ്രത്യേക പ്രഭാഷണം നടത്തും. ജിനോമിക്സ് മെഡിക്കല്‍ ടെക്നോളജി, സൈബര്‍ ലാ, മീഡിയ ഫ്രീഡം എന്നിവയാണ് സെഷനുകള്‍, ഡോ. വിനോദ് സ്‌കറിയ (ഐ.ജി.ഐ.ബി. ന്യൂഡല്‍ഹി) ഡോ. നീല്‍ ശങ്കര്‍ (യു.എസ്.എ.) ഡോ. രാംചന്ദ് സി. (മാഗ്ജിനോം), ഡോ. യു.സി. ജലീല്‍ (ഓപ്പണ്‍ സോഴ്സ് കോവിഡ് ഫൗണ്ടേഷന്‍), അപര്‍ ഗുപ്ത (ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ ഇന്‍ഡ്യ), പര്‍മീന്ദര്‍ജീത് സിംഗ്, ഋഷഭ് ബെയ്ലി തുടങ്ങിയവര്‍ സംസാരിക്കും. മീഡിയ ഫ്രീഡം എന്ന വിഷയത്തില്‍ പത്രപ്രവര്‍ത്തകരായ രാവിഷ് കുമാര്‍, ജോസി ജോസഫ്, മുഹമ്മദ് സുബൈര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഫിനാന്‍സ് ഇന്‍ ന്യൂ കേരള എന്ന വിഷയത്തില്‍ പ്രത്യേക പ്രഭാഷണവും നടത്തും.
അവസാന ദിവസം (ഓഗസ്റ്റ് 15) ഇ-ഗവേണന്‍സ് സെമിനാറില്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, മുന്‍ പ്രതിരോധ സെക്രട്ടറി ഡോ. അജയ കുമാര്‍, ഐ.ഐ.എം.-ലെ ഡോ. ശ്രീജിത്ത്, ഐ.ടി. സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍കര്‍ എന്നിവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ കോണ്‍ക്ലേവ് 2023-ല്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി, അഖില രാധാകൃഷ്ണന്‍ (യുണിസെഫ്), ഗുരുമൂര്‍ത്തി കാശിനാഥ് (ഐ.ടി. ഫോര്‍ ചേഞ്ച്) എന്നിവരുടെ പ്രഭാഷണമുണ്ടാകും.
വേദി രണ്ടില്‍ ഓഗസ്റ്റ് 13-ന് ഡിജിറ്റല്‍ സുരക്ഷയിലും ഓപ്പണ്‍ സോഴ്സ് ലൈസന്‍സിലും വര്‍ക്ക്ഷോപ്പ് നടക്കും. ഓഗസ്റ്റ് 14-ന് ബ്ലോക്ക്ചെയിന്‍ വെബ് 3.0 ആന്‍ഡ് ഡാപ്പ് ഡെവലപ്മെന്റിലാണ് ശില്പശാല. മൂന്നാം ദിവസം ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ കോണ്‍ക്ലേവാണ്. വേദി മൂന്നില്‍ ആദ്യ ദിവസം വിക്കി സംഗമവും പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിന്റെ കോണ്‍ക്ലേവുമാണ്. എഫ്.എസ്.എം.ഐ. യുടേയും ഡി.എ.കെ.എഫ്.ന്റെയും ജനറല്‍ കൗണ്‍സിലുകള്‍ രണ്ടാം ദിവസവും സമകാലിക ശാസ്ത്ര-സാങ്കേതിക വിപ്ലവവും സഹകരണ പ്രസ്ഥാനവും എന്ന വിഷയത്തില്‍ മൂന്നാം ദിവസവും ശില്പശാല നടക്കും. വേദി നാലില്‍ ആദ്യ ദിനം സ്‌ക്രൈബസ്, ഓപ്പണ്‍ സ്ട്രീറ്റ് മാപ്, കൃത, എക്സ്പൈസ് തുടങ്ങിയവയിലാണ് ശില്പശാലകള്‍. എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട്, സൈബര്‍ ഫോറന്‍സിക്, ഡിജിറ്റല്‍ സര്‍വെ മിഷന്‍ എന്നിവയുടെ അവതരണം രണ്ടാം ദിവസം നടക്കും. കേരളത്തിലെ മികച്ച ഇ-ഗവേണന്‍സ് സംരംഭങ്ങളെക്കുറിച്ചുള്ള ലൈറ്റിങ്ങ് ടോക്സ് ഈ ദിനത്തിന്റെ പ്രത്യേകതയാണ്. ലൂക്കയുടെ നേതൃത്വത്തിലുള്ള സയന്‍സ് കമ്മ്യൂണിക്കേഷന്‍ വര്‍ക്ക്ഷോപ്പ്, ഓപ്പണ്‍ ഹാര്‍ഡ് വെയര്‍, നിര്‍മിത ബുദ്ധിയും മാധ്യമങ്ങളും, ശില്പശാലകള്‍ തുടങ്ങിയ സമാന്തര സെഷനുകള്‍ ആറോളം വേദികളിലായി ഓഗസ്റ്റ് 13 മുതല്‍ 15 വരെ നടത്തും. വി കെ പ്രശാന്ത് എം.എല്‍.എ, കൈറ്റ് സി.ഇ.ഒ അന്‍വര്‍ സാദത്ത് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post