ചെന്നൈ: ചന്ദ്രയാന്‍ 3 പേടകം ചാന്ദ്ര ഭ്രമണപഥത്തിലേക്ക്. പേടകത്തെ ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്ക് എത്തിക്കുന്ന ‘ട്രാന്‍സ്ലൂണാര്‍ ഇന്‍ജക്ഷന്‍’ ജ്വലനം വിജയകരമായി പൂര്‍ത്തിയാക്കി. ഭൂഗുരുത്വ വലയം ഭേദിച്ച് ചന്ദ്രന്റെ അടുത്തേക്കുള്ള യാത്രയ്ക്കു തുടക്കമിടുന്ന പ്രക്രിയയാണിത്.
പ്രോപ്പല്‍ഷന്‍ മോഡ്യൂളിലെ ലാം എന്‍ജിന്‍ 20 മിനിറ്റോളം ജ്വലിപ്പിച്ചാണ് ഭ്രമണപഥമാറ്റം സാധ്യമാക്കിയത്. ഇനി അഞ്ച് ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ട്രി എന്ന പഥത്തിലാണു ദൗത്യം സഞ്ചരിക്കുക. ഓഗസ്റ്റ് അഞ്ചിന് പേടകം ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിപ്പിക്കും. പിന്നീട് ഘട്ടം ഘട്ടമായി ഭ്രമണപഥം താഴ്ത്തുന്ന പ്രക്രിയ നടക്കും. ഓഗസ്റ്റ് 23 വൈകുന്നേരം 5.47നാണ് നിലവില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്.
Discussion about this post