തിരുവനന്തപുരം: ഇന്ത്യയുടെ ചാന്ദ്ര സ്പര്‍ശനം കാത്ത് ലോകം. പ്രാര്‍ത്ഥനയോടെ ഭാരതം. 40 ദിവസം നീണ്ട യാത്രയില്‍ ലക്ഷക്കണക്കിന് കിലോമീറ്റര്‍ പിന്നിട്ട് ചന്ദ്രന്റെ പടിവാതില്‍ക്കലാണ് ചന്ദ്രയാന്‍- 3. ഇന്ത്യന്‍ സമയം വൈകിട്ട് 5.45ന് ചന്ദ്രനില്‍ സൂര്യവെളിച്ചം പരക്കുമ്പോള്‍ വിക്രം ലാന്‍ഡര്‍ ചിരത്ര ദൗത്യം തുടങ്ങും. 6.04നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ മെല്ലെ ഇറങ്ങേണ്ടത്.
ആ പതിനേഴ് മിനിറ്റ്, ബഹിരാകാശത്തിന്റെ അനന്തതയിലെ നിശബ്ദമായ ഒരു കൊടുങ്കാറ്റാണ്. കൊടും പരീക്ഷണങ്ങളില്‍ ലാന്‍ഡര്‍ ഒറ്റയ്ക്കാണ്. എല്ലാം സ്വയം തീരുമാനിക്കണം. കൃത്യ സമയത്ത് കൃത്യമായ ഉയരങ്ങളില്‍ എന്‍ജിനുകള്‍ ജ്വലിപ്പിക്കണം. ഇന്ധനം കൃത്യ അളവില്‍ ഉപയോഗിക്കണം. തിരശ്ചീനമായും ലംബമായും സഞ്ചരിക്കണം. ഇറങ്ങാന്‍ തടസമാകുന്ന കുന്നും കുഴിയും കണ്ടെത്താന്‍ ചന്ദ്രോപരിതലം സ്‌കാന്‍ ചെയ്യണം.
ചുഴിമലരികളെല്ലാം അതിജീവിച്ച് 6.04ന് ലാന്‍ഡര്‍ ചന്ദ്രന്റെ മണ്ണില്‍ തൊടുന്ന നിമിഷം ഇന്ത്യ ലോകം കീഴടക്കും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമാകും. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും കഴിയാത്ത നേട്ടം.
ലാന്‍ഡറില്‍ നിന്ന് റോവര്‍ പുറത്തു വന്ന് ചന്ദ്രന്റെ മണ്ണിലൂടെ ഉരുണ്ടു നീങ്ങും. ഇനി ഭൂമിയിലെ പതിനാല് ദിനരാത്രങ്ങള്‍ ചന്ദ്രനില്‍ പകല്‍ മാത്രമായിരിക്കും. അത് റോവറിന്റെ പരീക്ഷണ കാലം. അഥവാ ജീവിത കാലം.
നമുക്ക് മുമ്പ് അവിടെയിറങ്ങാന്‍ റഷ്യ അയച്ച ലൂണ 25 കഴിഞ്ഞ ദിവസം ലക്ഷ്യത്തിന് തൊട്ടകലെ തകര്‍ന്നു. നാലുവര്‍ഷം മുമ്പ് ഇന്ത്യയുടെ ചന്ദ്രയാന്‍ 2നും സമാന അനുഭവമായിരുന്നു. ആ പിഴവുകള്‍ മാറ്റിയ ആത്മവിശ്വാസത്തിലാണ് ഇക്കുറി ലാന്‍ഡര്‍ എത്തിയത്.
താഴോട്ടുള്ള യാത്രയ്ക്ക് നാല് നിര്‍ണ്ണായക ഘട്ടങ്ങള്‍
തിരുവനന്തപുരം:ചന്ദ്രന്റെ 30കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് വിജയകരമായി മണ്ണിലിറങ്ങാന്‍ നിര്‍ണ്ണായകമായ നാല് ഘട്ടങ്ങളാണുള്ളത്.
1.റഫ്‌ബ്രേക്കിംഗ് : 690 സെക്കന്‍ഡ്, 30കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് 7.42കിലോമീറ്റര്‍ അടുത്തെത്തും. വേഗത സെക്കന്‍ഡില്‍ 1680മീറ്റര്‍.വേഗത കുറയ്ക്കാന്‍ നാല് മോട്ടോറുകള്‍ വിപരീതദിശയില്‍ ജ്വലിപ്പിക്കും. സെക്കന്‍ഡില്‍ 358 മീറ്റര്‍ തിരശ്ചീനമായും 61 മീറ്റര്‍ ലംബമായും വേഗത കുറയ്ക്കും. തിരിശ്ചീനമായി 713.5കിലോമീറ്റര്‍ സഞ്ചരിക്കും.
2.ആള്‍റ്റിറ്റിയൂഡ് ഹോള്‍ഡ് : 10സെക്കന്‍ഡ്. 7.42കിലോമീറ്ററില്‍ നിന്ന് 6.8കിലോമീറ്റര്‍ അടുത്തെത്തും. തിരശ്ചീനനിലയില്‍ നിന്ന് കുത്തനെ മാറ്റാന്‍തുടങ്ങും.വേഗത തിരിശ്ചീനമായി 336 മീറ്ററും ലംബമായി 59മീറ്ററുമായി കുറയ്ക്കും. തിരിശ്ചീനമായി 3.48കിലോമീറ്റര്‍ സഞ്ചരിക്കും.
3.ഫൈന്‍ ബ്രേക്കിംഗ്: 175സെക്കന്‍ഡ്. 6.8കിലോമീറ്ററില്‍ നിന്ന് ചന്ദ്രന്റെ 800മീറ്റര്‍ അടുത്തെത്തും. ലാന്‍ഡര്‍ ഒരു നിമിഷം നിശ്ചലമാകും. പിന്നെ കുത്തനെ താഴേക്ക്. ലാന്‍ഡിംഗ് സ്ഥലത്തേക്ക് അടുക്കും.
4.ഫൈനല്‍ ഡിസെന്റ് ആന്‍ഡ് ടച്ച് ഡൗണ്‍: 800 മീറ്ററില്‍ രണ്ട് മോട്ടോറുകള്‍ ഓഫാക്കും. ലാന്‍ഡറിലെ ചില ഉപകരണങ്ങള്‍ കണക്കുകൂട്ടലുകള്‍ നടത്തും. സെന്‍സറുകള്‍ പരിശോധനകള്‍ നടത്തും. 150മീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ തടസങ്ങള്‍ പരിശോധിക്കും. അപ്രതീക്ഷിത കാരണങ്ങളാല്‍ സെന്‍സറുകളും മറ്റും പ്രവര്‍ത്തിച്ചില്ലെങ്കിലും ലാന്‍ഡര്‍ മെല്ലെ ചന്ദ്രനില്‍ ഇറങ്ങും.
Discussion about this post