സ്വാമി സത്യാനന്ദ സരസ്വതി
സ്വാര്‍ത്ഥതയാണ് തപസ്സെന്ന ആരോപണംകൊണ്ട് മനുഷ്യമനസ്സുകളെ കലുഷമാക്കുന്നതിന് ധാരാളം നിരൂപകവൃന്ദം ഇന്നുമുണ്ട്. പ്രപഞ്ചഘടനയുടെ മുഴുവന്‍ സര്‍ഗശക്തി തപസ്സിലാണന്തര്‍ലീനമായിരിക്കുന്നതെന്ന് ഇക്കൂട്ടര്‍ അറിയുന്നില്ല. ഉദാഹരണത്തിന് ചുരുക്കം ചിലകാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താം. പുല്ലു മുതല്‍ തുടങ്ങി അണുജീവിയിലും അനശ്വരജീവിയായിത്തീരുന്ന മനുഷ്യനിലും ഒരേപോലെ കര്‍മശേഷി പകരുന്ന മഹത്തായ ജീവസംജ്ഞ ആത്മസങ്കല്പത്തിലെ അത്യുദാരമായ തത്ത്വമായി പരിശോഭിക്കുന്നു. ജാതിക്കോ മതവികാരങ്ങള്‍ക്കോ സംഘടനാസ്വാര്‍ത്ഥതയ്‌ക്കോ രാഷ്ട്രീയചപലതകള്‍ക്കോ വിധിയെഴുതിമാറ്റാന്‍ കഴിഞ്ഞ അത്യനര്‍ഘമായ ജീവിതരഹസ്യം തപസ്സിലാണ് അധിഷ്ഠിതമായിരിക്കുന്നത്.
ഒരു പുല്ലിന്റെ വിത്തുമുളയ്ക്കുന്നതിന് രണ്ടുതത്ത്വങ്ങള്‍ ആവശ്യമായിരിക്കുന്നു. ഒന്ന് പുല്ലിന്റെ വ്യക്തിത്വവും മറ്റൊന്ന് പ്രകൃതിയുടെ അനുകൂലമായ വ്യക്തിത്വവും. വ്യഷ്ടിസമഷ്ടിസങ്കല്പങ്ങളായി ഇതിനെ വേദാന്തം വിലയിരുത്തുന്നു. ഈ സമഷ്ടി-വ്യഷ്ടികളുടെ സമാനസ്വഭാവത്തിലോ അനുകൂലപശ്ചാത്തലത്തിലോ അല്ലാതെ വിത്തുമുളയ്ക്കുകയോ വളരുകയോ ഇല്ല. വ്യക്തിക്കും പുല്ലിനും ആനുകൂല്യം സൃഷ്ടിക്കുന്ന തത്ത്വത്തിന്റെ പേരെന്തായാലും അതിനെ നിഷേധിക്കാന്‍ മറ്റുനിയമങ്ങളില്ല്. നാനാത്വത്തിലെ ഈ ഏകത്വം വിവേകപൂര്‍വം അംഗീകരിക്കാന്‍ ബാധ്യസ്ഥനായ മനുഷ്യന്‍ അനുഷ്ഠിക്കുന്ന ആത്മവഞ്ചനയും അവിവേകവും ഗുരുപരമ്പരയുടെ ഗഹനമായ തപസ്സിന്റെ അര്‍ത്ഥവും ആഴവും കണ്ടെത്തുകയില്ല.
സൂക്ഷ്മമായി പരിശോധിച്ചാല്‍ തപസ്സെന്നതത്ത്വം പ്രപഞ്ചത്തെ സംഗ്രഹിച്ചിരിക്കുന്നതെങ്ങനെയെന്നറിയാന്‍ പ്രയാസമില്ല. തേങ്ങയുടെ ബീജത്തില്‍നിന്ന് തെങ്ങുമുളച്ചു വരണമെങ്കില്‍ സമഷ്ടി വ്യഷ്ടി ബന്ധങ്ങളുടെ ആനുകൂല്യമുണ്ടായിരിക്കണം. അനുകൂലഭാവത്തിന് അടിസ്ഥാനതത്ത്വം ജീവനാണെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല. അതല്ല ഭൗതികവാദിയുടെ അഭിപ്രായമനുസരിച്ച് ദ്രവ്യത്തിനാണ് പ്രാധാന്യമെങ്കില്‍ അതും ചിന്തനീയമത്രേ. തേങ്ങയുടെ ബീജത്തില്‍ അടങ്ങിയിരിക്കുന്ന രണ്ടു പ്രധാനതത്ത്വങ്ങളാണ് ജീവനും അത് സൂക്ഷിച്ചുവച്ചിരിക്കുന്ന വസ്തുസംസ്‌കാരവും. ഇതു രണ്ടുമൊരുമിച്ചു ചേര്‍ന്നെങ്കിലേ അനുകൂലമായ പരിതസ്ഥിതിയില്‍ മുളച്ച് തെങ്ങായി വളരുകയുളളൂ.
ഗര്‍ഭത്തിലെ ബിജം സ്രവിച്ചുപോകാതെ ഗര്‍ഭാധാനം തുടരുന്നതിനാവശ്യമായൊരു ചലനക്രമം മനുഷ്യശരീരത്തിലുണ്ട്. മാതൃശരീരത്തിലെ ഈ ചലനക്രമത്തിന് വ്യത്യാസംവന്നാല്‍ കുട്ടി മരിച്ചുപോകുകയോ ഗര്‍ഭം അലസുകയോ ചെയ്യും. മാതൃശരീരത്തിലെ അനുകൂലപശ്ചാത്തലം കുട്ടിയുടെ വളര്‍ച്ചയ്ക്കും സംരക്ഷണത്തിനും ആവശ്യമായിരിക്കുന്നതുപോലെ പ്രപഞ്ചത്തെ മാതാവായിക്കണ്ടാല്‍ ആ മാതൃശരീരത്തിലെ അനുകൂലചലനങ്ങള്‍ പ്രപഞ്ചഗര്‍ഭാശയത്തില്‍ കഴിയുന്ന അനേകം കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് അനുകൂലപരിതസ്ഥിതി സൃഷ്ടിക്കുമെന്നതിന് മറുപക്ഷമില്ല. എന്നാല്‍ ഈ അനുകൂല പശ്ചാത്തലത്തിന് തത്ത്വശക്തി നല്‍കുന്നത് പ്രപഞ്ചത്തിലെയും വിത്തിനുള്ളിലെയും ജീവചലനമാണ്. ഇവയെ പൊരുത്തപ്പെടുത്തുമ്പോള്‍ മാതൃശരീരത്തില്‍നിന്ന് കുഞ്ഞിനെ പ്രസവിക്കുന്നതുപോലെ പ്രപഞ്ചമാതൃശരീരത്തില്‍നിന്ന് പ്രപഞ്ചമാതാവിന്റെ കുഞ്ഞുങ്ങളായ ജീവരാശികള്‍ സൃഷ്ടിക്കപ്പെടുന്നു. ജീവചലനത്തിന്റെ ക്രമീകരണസിദ്ധാന്തം ഇവിടെയും നിരസിക്കാവുന്നതല്ല. വേദനവരുന്ന സമയങ്ങളിലല്ലാതെ ജീവനെപ്പറ്റി ഓര്‍മിക്കാത്തവരാണ് നമ്മള്‍.
തേങ്ങയുടെയുള്ളിലും പുല്‍വിത്തിനുള്ളിലും പക്ഷികളുടെ മുട്ടയിലും മൃഗങ്ങളുടെ ഗര്‍ഭത്തിലും ചെടികളുടെ മുളകളിലും അതാതിനെ നിയന്ത്രിച്ചും സഹായിച്ചുമിരിക്കുന്ന ഒരു മാതൃശക്തിയുണ്ട്. ഈ മാതൃസങ്കലിപത്തിലെ അനുകൂലചലനങ്ങള്‍ കുട്ടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും എത്രകണ്ടാവശ്യമാണെന്ന് ചിന്തിക്കാത്ത പരിഷ്‌കൃതലോകം ഹിംസയിലൂടെ ശരീരപുഷ്ടി നടത്തുമ്പോഴുള്ള ഇന്ദ്രിയവികാരം എത്രമാത്രമാണെന്ന് നാം ചിന്തിക്കേണ്ടതാണ്. മറ്റ് ഏതിന്റെ ജീവന്‍ പോലെയും തേങ്ങയുടെ ബീജത്തിനുള്ളിലെ ജീവനും തെങ്ങായി വളരുന്നതിനാവശ്യമായ വസ്തുക്കളുടെ സൂക്ഷ്മാംശങ്ങളെ കാത്തുസൂക്ഷിച്ചുകൊണ്ട് തപസ്സനുഷ്ഠിക്കുന്നു. അമ്മ ഗര്‍ഭസ്ഥമായ കുഞ്ഞില്‍ മനസ്സുവയ്ക്കുന്നതുപോലെ മുളയ്ക്കാനിരിക്കുന്ന വസ്തുവിന്റെ ബീജവസ്തുവില്‍ മനസ്സുവച്ചിരിക്കുന്ന ജീവന്റെ നിയന്ത്രണശക്തി തപസ്സല്ലെന്നുപറയുവാന്‍ സാദ്ധ്യമല്ല.
ചിന്തയുടെ വ്യതിയാനങ്ങളില്‍ വസ്തുബോധത്തിനാണ് വ്യതിയാനം. ഒരു ചിന്തയില്‍നിന്ന് മറ്റൊരു ചിന്തയിലേക്കുള്ള മാറ്റം. ഒരു വസ്തുവിന്റെ സൂക്ഷ്മസംസ്‌കാരത്തില്‍നിന്ന് മറ്റൊന്നിലേയ്ക്കുള്ള മാറ്റമാണ്. ഒരു വസ്തുവിന്റെ ഓര്‍മയില്‍നിന്ന് മറ്റൊരു വസ്തുവിന്റെ ഓര്‍മയിലേക്ക് ജീവന്‍ ചലിക്കുമ്പോള്‍ ആദ്യത്തെവസ്തു ഇല്ലാതാക്കുകയും രണ്ടാമത്തൊവസ്തു ഓര്‍മിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെയുള്ള ചഞ്ചലത്വം തപസ്സല്ല. വസ്തുക്കളില്‍ ശ്രദ്ധപതിപ്പിച്ച ജീവന് ഒന്നില്‍നിന്ന് മറ്റൊന്നിലേയ്ക്ക് മാറേണ്ട സംസ്‌കാരം സൂക്ഷിക്കേണ്ടിവരുന്നു. ജീവന്റെ അംഗിയായ സങ്കല്പം വസ്തുബോധം കൊണ്ടുറപ്പിച്ചു നിറുത്താന്‍ സാദ്ധ്യമല്ലെന്നിതുകൊണ്ട് തെളിയുന്നു.
തേങ്ങയുടെ ജീവന്‍ തെങ്ങിന്റെ സംസ്‌കാരം സൂക്ഷിക്കുന്നതില്‍ നിന്ന് വ്യതിചലിച്ചാല്‍ തെങ്ങ് മുളയ്ക്കുകയില്ലെന്നുള്ളതും ഇതിലൂടെ ചിന്തിയ്ക്കാമല്ലോ. ആധുനികകൃഷിശാസ്ത്രജ്ഞന്മാര്‍ വിത്തിനുപയോഗിക്കുന്ന തേങ്ങ കെട്ടിയിറക്കി, അടര്‍ത്തിയിടുമ്പോഴുള്ള ആഘാതം ഒഴിവാക്കുന്നത് ഇതുകൊണ്ടാണ്. തെങ്ങായി വളരേണ്ട സൂക്ഷ്മശരീരത്തെ സൂക്ഷിച്ചുവയ്ക്കുന്ന ഒരു ചലനക്രമം തേങ്ങയിലെ ജീവനുണ്ടായിരിക്കണം. മനുഷ്യശരീരത്തിലെ നാഡിമിടിപ്പിന്റെ അര്‍ത്ഥവും തേങ്ങയിലെ ജീവന്റെ ചലനക്രമവും ഒരേ തത്ത്വത്തില്‍പ്പെടുന്നു. നാഡിയിലൂടെയുള്ള അനുഭവക്രമം ജീവന്റേതാണല്ലോ. നാഡിയുടെ ചലനക്രമത്തിന് പ്രാതികൂല്യം സംഭവിച്ചാല്‍ ശരീരത്തിന്റെ നിലനില്പ് തകരാറിലാകും. ഹൃദയാഘാതം കൊണ്ട് ശരീരം വെടിയുന്ന ശാസ്ത്രരഹസ്യം മേല്‍പറഞ്ഞതില്‍നിന്ന് മനസിലാക്കാം. തേങ്ങയ്ക്കാഘാതമേറ്റാല്‍ തേങ്ങയുടെ ബീജത്തിലെ ജീവന്‍ സൂക്ഷിച്ചിരിക്കുന്ന തെങ്ങിന്റെശരീരവും നഷ്ടപ്പെട്ടുപോകുന്നു. ഈ സൂക്ഷ്മശരീരം നഷ്ടപ്പെട്ടാല്‍ പിന്നെ തെങ്ങുണ്ടാവുകയില്ല. അതിലുമത്ഭുതകരമായ ഒരു ജീവിതതത്ത്വം നാം ചിന്തിച്ചറിയേണ്ടതുണ്ട്. തെങ്ങ് വളര്‍ന്ന് അതില്‍നിന്ന് ഓലകളും കൂമ്പും ഇളംകരിക്കുമുണ്ടായി അനന്തരതലമുറയ്ക്ക് പ്രയോജനപ്പെടുന്നതുവരെ കാത്തുസൂക്ഷിച്ചിരുന്നത് കൊച്ചുതേങ്ങയുടെ ഉള്ളിലിരുന്ന ജീവചൈതന്യമാണ്. മുളച്ചുവളര്‍ന്നതിനുശേഷം ഒരു തെങ്ങിനുപോലും ഓലയും പൂങ്കുലയും അതിന്റെ പരാഗങ്ങളും മനുഷ്യമനസ്സിന്റെ പ്രാകൃതചിന്തയ്ക്ക് വിഷയമല്ലാത്തവിധം ജീവന്റെ അതിനിഗൂഢതലങ്ങളില്‍ കാത്തുസൂക്ഷിച്ചിരുന്നുവെന്നത് വിസ്മരിക്കേണ്ട കാര്യമല്ല.
Discussion about this post