തിരുവനന്തപുരം: ചന്ദ്രയാന്‍ 3 ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തിയായതിന് പിന്നാലെ തിരുവനന്തപുരം വെങ്ങാനൂരിലെ പൗര്‍ണമികാവ് ദേവീക്ഷേത്രത്തിലെത്തി ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ്. കഴിഞ്ഞ 23-ാം തീയതിയാണ് ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയത്. ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയം രാജ്യം ആഘോഷിക്കുന്ന വേളയിലാണ് സോമനാഥ് ക്ഷേത്രത്തിലെത്തിയത്.
അതേസമയം, ചന്ദ്രയാന്‍-3 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ വിജയകരമായി ചെന്നിറങ്ങിയ ദക്ഷിണധ്രുവത്തിന് ശിവശക്തി എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പേരിട്ടതില്‍ വിവാദം വേണ്ടെന്ന് എസ് സോമനാഥ് പറഞ്ഞു. വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന് പേരിടാന്‍ രാജ്യത്തിന് അവകാശമുണ്ട്. മുമ്പും പല രാജ്യങ്ങളും ഇത്തരത്തില്‍ പേരിട്ടിട്ടുണ്ടെന്നും പേരിട്ടതില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സോമനാഥ്.
‘ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ടാണ്. ചന്ദ്രയാന്‍ 3 കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. പല വിലപ്പെട്ട വിവരങ്ങളും കിട്ടി. ശാസ്ത്രജ്ഞരുടെ അവലോകനങ്ങള്‍ക്ക് ശേഷം നിഗമനങ്ങള്‍ അറിയിക്കും. ചന്ദ്രയാന്‍ മൂന്ന് ദൗത്യം നൂറ് ശതമാനം വിജയമാണ്. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം. ചിത്രങ്ങളെക്കാള്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത് പരീക്ഷണ ഉപകരണങ്ങളില്‍ നിന്നുള്ള ശാസ്ത്രീയ വിവരങ്ങള്‍ക്കാണ്.ജപ്പാനുമായി ചേര്‍ന്നുള്ള ലൂപ്പെക്‌സ് ചാന്ദ്ര ദൗത്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. സൂര്യനെ പഠിക്കാനുള്ള ആദിത്യ എല്‍ 1 പേടകം തയ്യാറാണ്. ഉപഗ്രഹത്തെ വിക്ഷേപണവാഹനുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. വിക്ഷേപണ തീയതി ഉടന്‍ പ്രഖ്യാപിക്കും. ഗഗന്‍യാന്‍ പദ്ധതിയിലെ നിര്‍ണായക ദൗത്യവും ഉടന്‍ ഉണ്ടാകും. ജിഎസ്എല്‍വി, എസ്എസ്എല്‍വി വിക്ഷേപണങ്ങളും പിന്നാലെ നടക്കും’- സോമനാഥ് അറിയിച്ചു.
Discussion about this post