തിരുവനന്തപുരം: നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള താങ്ങുവില ഉള്‍പ്പെടെ സംസ്ഥാനത്തിനുള്ള കുടിശ്ശിക അനുവദിക്കാന്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കി. കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്രയുമായി മന്ത്രി ജി.ആര്‍. അനില്‍ ഇന്നലെ തലസ്ഥാനത്ത് നടത്തിയ ചര്‍ച്ചയിലാണ് ധാരണ.
സംസ്ഥാനം സമര്‍പ്പിച്ച കണക്കുകളുടെ പരിശോധനയും സാങ്കേതിക നടപടിക്രമങ്ങളും വേഗം പൂര്‍ത്തിയാക്കുമെന്ന് സഞ്ജീവ് ചോപ്ര വ്യക്തമാക്കി. കര്‍ഷകര്‍ക്ക് നല്‍കാനുള്ള താങ്ങുവില, ഭക്ഷ്യഭദ്രതാ നിയമം, പി.എം.ജി.കെ.എ.വൈ. പദ്ധതിപ്രകാരമുള്ള ഗതാഗതച്ചെലവുകള്‍, റേഷന്‍ വ്യാപാരികള്‍ക്കുള്ള മാര്‍ജിന്‍ വിഹിതം, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരമുള്ള ഗതാഗത കൈകാര്യ ചെലവുകള്‍ എന്നീ ഇനങ്ങളിലായി ആയിരം കോടിയില്‍ അധികം രൂപ ലഭിക്കാനുണ്ടെന്ന് ജി.ആര്‍. അനില്‍ അദ്ദേഹത്തെ അറിയിച്ചു.
റേഷന്‍ കടകള്‍ വൈവിധ്യവത്ക്കരിച്ചുള്ള കെ സ്റ്റോര്‍, കിടപ്പുരോഗികള്‍ക്ക് ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹകരണത്തോടെ റേഷന്‍ വിഹിതം വീട്ടിലെത്തിച്ചു നല്കുന്ന ഒപ്പം, ആദിവാസി ഊരുകളിലും മറ്റും റേഷന്‍ വിതരണം ചെയ്യുന്ന സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ തുടങ്ങിയ പദ്ധതികള്‍ അഭിനന്ദനാര്‍ഹമെന്ന് കേന്ദ്ര സെക്രട്ടറി മന്ത്രിയെ അറിയിച്ചു.
സഞ്ജീവ് ചോപ്ര തോന്നയ്ക്കലിലുള്ള കെ സ്റ്റോര്‍, കിഴക്കേകാട്ടയിലെ സപ്ലൈകോ വില്പനശാല എന്നിവ സന്ദര്‍ശിച്ചു. മംഗലപുരത്തെ റേഷന്‍ കടയില്‍ കിടപ്പുരോഗികള്‍ക്ക് റേഷന്‍ വീട്ടിലെത്തിക്കുന്ന ഒപ്പം പദ്ധതിയുടെ പ്രവര്‍ത്തനം നേരില്‍ വിലയിരുത്തി.













