തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി രണ്ടാമത്തെ കപ്പല്‍ നവംബര്‍ 9ന് എത്തും. ചൈനയിലെ ഷാംഗ്ഹായില്‍നിന്ന് പുറപ്പെട്ട ഷെന്‍ഹുവ 29 എന്ന കപ്പലില്‍ 6 യാര്‍ഡ് ക്രെയിനുകളാണുള്ളത്.
245 മീറ്റര്‍ നീളവും 42 മീറ്റര്‍ വീതിയുമുള്ള കപ്പല്‍ 10 നോട്ടിക്കല്‍ മൈല്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത്. ഷാംഗ്ഹായ് തുറമുഖത്തില്‍ നിന്ന് നേരിട്ട് വിഴിഞ്ഞത്തേക്കാണ് കപ്പല്‍ വരുന്നത്. നവംബറില്‍ ക്രെയിനുകളുമായി 3 കപ്പലുകള്‍ എത്തുമെന്ന് തുറമുഖ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിലൊന്നാണ് ഷെന്‍ഹുവ 29.
2024 മേയില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യ ഘട്ടത്തിനായി 24 യാര്‍ഡ് ക്രെയിനുകളാണ് വേണ്ടത്. ചൈനയില്‍ നിന്ന് ആദ്യമെത്തിയ ഷെന്‍ഹുവ 15 എന്ന കപ്പലില്‍ 2 യാര്‍ഡ് ക്രെയിനുകളാണ് കൊണ്ടുവന്നത്. യാര്‍ഡിലെ ചരക്കുനീക്കത്തിനാണ് ഈ ക്രെയിനുകള്‍.
അതേസമയം ആദ്യ കപ്പലായ ഷെന്‍ഹുവ 15ല്‍ അവശേഷിച്ചിരുന്ന ഷിപ്പ് ടു ഷോര്‍ ക്രെയിനും ഇറക്കി. ഇന്നലെ വൈകിട്ട് 3.50ഓടെയാണ് ഏറ്റവും വലിയ ക്രെയിനായ ഷിപ്പ് ടു ഷോര്‍ ക്രെയിന്‍ ഇറക്കിയത്. തിങ്കളാഴ്ച ഇറക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും കാലാവസ്ഥ അനുകൂലമാവാത്തതിനാല്‍ വിജയിച്ചില്ല. തുടര്‍ന്ന് ഇന്നലെ വീണ്ടും നടത്തിയ ശ്രമത്തിലാണ് ക്രെയിന്‍ ഇറക്കാന്‍ കഴിഞ്ഞത്. ബര്‍ത്തില്‍ സ്ഥാപിക്കുന്ന ഷിപ്പ് ടു ഷോര്‍ ക്രെയിന്‍ കപ്പലില്‍ നിന്ന് കണ്ടെയ്‌നറുകള്‍ എടുക്കാനാണ് ഉപയോഗിക്കുക. തുറമുഖത്തിന്റെ ആദ്യഘട്ടത്തിനായി 8 ഷിപ്പ് ടു ഷോര്‍ ക്രെയിനുകളാണ് ആവശ്യം. എല്ലാ ക്രെയിനുകളും ഇറക്കിയതോടെ ആദ്യ കപ്പല്‍ ഇന്ന് മടങ്ങും.
Discussion about this post