ഇടുക്കി: ശബരിമലയില്‍ പതിവിനു വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും തിരക്ക് സ്വാഭാവികമാണെന്നും ദേശീയ തീര്‍ത്ഥാടകരെ പരിഭ്രാന്തിയിലാക്കാനാണ് ശ്രമമെന്നും കൂടുതല്‍ ഏകോപതമായ സംവിധാനമൊരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംവിധാനങ്ങള്‍ ഒരുക്കണം. നവകേരള സദസ്സിനിടെ തേക്കടിയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ എംപിമാര്‍ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായി ഇന്ന് പാര്‍ലമെന്റിനു പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ശബരിമല വിഷയത്തില്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുന്നില്ല എന്ന് പറഞ്ഞാണ് പ്രതിഷേധം. സംസ്ഥാന സര്‍ക്കാര്‍ എന്തോ കുഴപ്പം കാണിച്ചുവെന്നാണ് പറയുന്നത്. ഇത്തരത്തില്‍ അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിച്ച് ദേശീയ തീര്‍ത്ഥാടകരെ പരിഭ്രാന്തിയിലാക്കാനാണ് ശ്രമം. നേതൃത്വം കൊടുത്തത് മുന്‍പത്തെ പ്രതിപക്ഷ നേതാവ് ആണ്.
കോണ്‍ഗ്രസ് ഇതില്‍ പ്രത്യേക അജണ്ട ആയിട്ടാണ് വന്നിരിക്കുന്നത്. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് പ്രചരിപ്പിക്കാന്‍ അവര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പാണ് അവരുടെ ലക്ഷ്യം. തീര്‍ത്ഥടന കാര്യങ്ങളില്‍ രാഷ്ട്രീയം കടന്നു വരുന്നത് ശരിയല്ല. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയം രാഷ്ട്രീയമായി കൈകാര്യം ചെയ്യുക. ഞങ്ങളെ കൈകാര്യം ചെയ്യാന്‍ തീര്‍ത്ഥടന കാലം ഉപയോഗിക്കരുത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു ആലോചനയും മുന്നൊരുക്കവും ഉണ്ടായില്ല എന്ന പ്രചരണം തെറ്റ്. യോഗങ്ങള്‍ മുന്‍കൂട്ടി തന്നെ നടത്താറുണ്ട്. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ നിരവധി യോഗം നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post