ന്യൂഡല്‍ഹി: സര്‍വകലാശാല സെനറ്റംഗങ്ങളുടെ നിയമനത്തില്‍ ഗവര്‍ണറെ അനുകൂലിച്ച് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. യോഗ്യതയുള്ള സംഘപരിവാര്‍ അനുകൂലികളെ സെനറ്റില്‍ നാമനിര്‍ദ്ദേശം ചെയ്യുന്നതിനെ എതിര്‍ക്കുന്നില്ലെന്ന് സുധാകരന്‍ പറഞ്ഞു. സംഘപരിവാര്‍ അനുകൂലികളും ജനാധിപത്യത്തിന്റെ ഭാഗമാണ്. അവരെ സംഘപരിവാര്‍ അനുകൂലികള്‍ മാത്രമായതുകൊണ്ട് എതിര്‍ക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘അക്കാദമീഷ്യന്റെ യോഗ്യത മാനിച്ച് ഗവര്‍ണര്‍ ചെയ്യുന്ന കാര്യത്തെ ഞങ്ങള്‍ എന്തിന് വിമര്‍ശിക്കണം. സംഘപരിവാര്‍ അനുകൂലികള്‍ ഉള്‍പ്പെട്ടതിനെ എതിര്‍ക്കുന്നില്ലല്ലോ?. അവരില്‍ കൊള്ളാവുന്നവരുണ്ട്. അവരെ എടുക്കുന്നതിന് എന്താണ് തടസം. അവരെ എടുത്തോട്ടെ. സംഘപരിവാറിന്റെ ആളുകളെ മാത്രം വച്ചു പോകുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വിമര്‍ശിക്കാം. സംഘപരിവാറില്‍ കൊള്ളാവുന്നവരുണ്ടെങ്കില്‍ അവരെ എങ്ങനെയാണ് എതിര്‍ക്കുക. കോണ്‍ഗ്രസില്‍ എല്ലാവരെയും വയ്ക്കാന്‍ പറ്റില്ല’.- സുധാകരന്‍ പറഞ്ഞു.
ലിസ്റ്റില്‍ കോണ്‍ഗ്രസ്, ലീഗ് അംഗങ്ങള്‍ ഉള്‍പ്പെട്ടത് എങ്ങനെയെന്നറിയില്ല. ലിസ്റ്റിലുള്ളവരുടെ യോഗ്യതകള്‍ പരിശോധിക്കുകയാണ്. അതിനായി കെപിസിസി ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം അതിന്റെ റിപ്പോര്‍ട്ട് ലഭിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.
Discussion about this post