ജനുവരി 22ന് പ്രാണപ്രതിഷ്ഠ നടക്കുന്ന അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലേക്കാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞദിവസം ക്ഷേത്രത്തിലെ ശ്രീകോവിലില്‍ പ്രധാനമൂര്‍ത്തിയായ രാംലല്ലയുടെ (ബാലരൂപത്തിലുള്ള ശ്രീരാമ വിഗ്രഹം) കൃഷ്ണശിലാ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്നു. ഇന്ത്യയുടെ സുഹൃത്ത് രാജ്യമായ തായ്ലാന്‍ഡുമായി അയോദ്ധ്യക്കുള്ള പ്രാധാന്യം സമൂഹമാദ്ധ്യമങ്ങളിലടക്കം ചര്‍ച്ചാവിഷയമാവുകയാണ്.
ഉത്തര്‍പ്രദേശിലെ അയോദ്ധ്യയ്ക്ക് തായ്ലാന്‍ഡിലെ അയുത്തായയുമായുള്ള ബന്ധമാണ് ശ്രദ്ധനേടുന്നത്. അയോദ്ധ്യ എന്ന പേരില്‍ നിന്ന് കടംകൊണ്ടാണ് പ്രദേശത്തിന് അയുത്തായ എന്ന നാമം ലഭിച്ചത്. പേരില്‍ മാത്രമല്ല, വിശ്വാസത്തിലും ഇരുസ്ഥലങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. അയോദ്ധ്യയില്‍ നിന്ന് 3500 കിലോമീറ്റര്‍ അകലെയുള്ള അയുത്തായയിലും ശ്രീരാമനെ ആരാധിക്കുന്ന ഭക്തരുണ്ട്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കാന്‍ അയുത്തായയില്‍ നിന്നും ഭക്തര്‍ എത്തുന്നുണ്ട്. അയോദ്ധ്യ ക്ഷേത്രഭാരവാഹികള്‍ അയുത്തായയില്‍ നിന്ന് ചടങ്ങിലേക്കായി മണ്ണ് സ്വീകരിച്ചിരുന്നു. കൂടാതെ തായ്ലാന്‍ഡിലെ പ്രധാന നദികളായ ചാവോ ഫ്രയ, ലോപ് ബുരി, പാ സാക് എന്നിവിടങ്ങളില്‍ നിന്ന് തീര്‍ത്ഥജലവും എത്തിച്ചു.
പ്രാണപ്രതിഷ്ഠാദിനത്തില്‍ ചടങ്ങുകള്‍ തത്സമയം വീക്ഷിക്കുന്നതിനായി അയുത്തായയിലെ ഹിന്ദു ക്ഷേത്രങ്ങളിലും തായ്ലാന്‍ഡിലെ മറ്റ് നഗരങ്ങളിലും വലിയ സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്ന് ബാങ്കോക്കില്‍ നിന്നുള്ള വിശ്വഹിന്ദു പരിഷത്ത് അംഗം അറിയിച്ചിരിക്കുകയാണ്. എല്ലാ ക്ഷേത്രങ്ങളിലും ദീപം തെളിയിക്കുകയും രാമായണ പാരായണത്തോടൊപ്പം ഭജനകളും നടത്തുമെന്നും വിശ്വഹിന്ദു പരിഷത്ത് അംഗം അറിയിച്ചു.
തായ്ലാന്‍ഡിന്റെ അയോദ്ധ്യയാണ് അയുത്തായയെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ചമ്പത്ത് റായ് പറഞ്ഞു. രാമന്റെ ജന്മസ്ഥലമായ അയോദ്ധ്യയില്‍ നിന്നാണ് അയുത്തായ ഉണ്ടായതെന്ന് വേള്‍ഡ് ഹിന്ദു ഫൗണ്ടേഷന്‍ അദ്ധ്യക്ഷന്‍ സ്വാമി വിഗ്യാനന്ദ് ചൂണ്ടിക്കാട്ടി. അയുത്തായയുടെ ആദ്യ ഭരണാധികാരിയായ രാമധിബോധിയാണ് നഗരത്തിന് അയുത്തായ എന്ന പേര് നല്‍കിയത്. പിന്നാലെ ഭരണത്തിലെത്തിയ എല്ലാ ഭരണാധികാരികളും പേര് അംഗീകരിക്കുകയും ചെയ്തു. ബുദ്ധമത മിഷനറിമാര്‍ തെക്കുകിഴക്കന്‍ ഏഷ്യയില്‍ അവതരിപ്പിച്ച രാമായണത്തിന്റെ തായ് പതിപ്പ് ‘രാമകിയന്‍’ എന്ന പേരിലുണ്ട്. അയുത്തായ സാമ്രാജ്യത്തിന്റെ കാലത്താണ് ഇത് എഴുതപ്പെട്ടത്. തായ് സംസ്‌കാരത്തില്‍ രാമന്റെ ജീവിതം ചെലുത്തിയ സ്വാധീനമാണ് ഇത് വെളിവാക്കുന്നതെന്ന് സ്വാമി വിഗ്യാനന്ദ് കൂട്ടിച്ചേര്‍ത്തു.
ചാവോ ഫ്രയ നദിയുടെ കരയിലായുള്ള സ്ഥലമാണ് അയുത്തായ. തായ്ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ അയുത്തായയും ഉള്‍പ്പെടുന്നു. 1350ലാണ് അയുത്തായ സ്ഥാപിതമായത്. ഫ്രാ നഖോണ്‍ സി അയുത്തായ എന്നതാണ് ഔദ്യോഗിക നാമം. ഈ ചരിത്ര നഗരം സയാമീസ് രാജ്യത്തിന്റെ രണ്ടാമത്തെ തലസ്ഥാനമായിരുന്നു.
സയാമീസ് രാജാവായ യു തോങ്ങാണ് അയുത്തായ സ്ഥാപിച്ചത്. അദ്ദേഹം രാമധിബോധി എന്നും എന്നറിയപ്പെട്ടിരുന്നു. 14 മുതല്‍ 18 വരെയുള്ള നൂറ്റാണ്ടുകളായിരുന്നു അയുത്തായുടെ പ്രതാപകാലം. അക്കാലത്ത് അയുത്തായ ലോകത്തിലെ ഏറ്റവും വലിയ നഗരമായിരുന്നു. കോസ്മോപൊളിറ്റന്‍ നഗരപ്രദേശങ്ങളിലൊന്നായും ആഗോള നയതന്ത്രത്തിന്റെയും വാണിജ്യത്തിന്റെയും കേന്ദ്രമായും വളര്‍ന്നു. എന്നാല്‍ 1767ലെ ബര്‍മീസ് പട്ടാളത്തിന്റെ ആക്രമണത്തില്‍ നഗരം ചാമ്പലായി മാറി. ഇന്ന് ഒരു കാലഘട്ടത്തിന്റെ ശേഷിപ്പായി നഗരം നിലകൊള്ളുന്നു. ഇക്കാലമത്രയും പുനര്‍നിര്‍മിക്കപ്പെടാത്ത ഈ പ്രദേശം ഇന്നും പുരാതന നഗരത്തിന്റെ ശേഷിപ്പായി തുടരുകയാണ്.
Discussion about this post