ജയ് സീതാറാം ! ഇന്ന് ജനുവരി 22 ഭാരതം വിശ്വഗുരു എന്ന പദവിയിലേക്ക് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന സുദിനം. അതിന്റെ മുന്നോടിയായി രാമരാജ്യം എന്ന മഹത്തായ സങ്കല്പത്തിന്റെ ആധാര കേന്ദ്രമായ അയോദ്ധ്യയില്‍ ശ്രീരാമചന്ദ്ര മഹാപ്രഭുവിന്റെ പ്രതിഷ്ഠാ കര്‍മ്മം നടക്കുകയാണ്. ഉച്ചയ്ക്ക് 12 മണി 29 മിനിറ്റ് 8 സെക്കന്റിനും 12 മണി കഴിഞ്ഞ് 30 മിനിറ്റ് 32 സെക്കന്റിനും മധ്യേയുള്ള പുണ്യമുഹൂര്‍ത്തത്തിലാണ് ഈ മഹത്കര്‍മ്മം നടക്കുന്നത്. ഈ ദിവസത്തെക്കുറിച്ച് സ്മരിക്കുമ്പോള്‍ നമ്മെ ധര്‍മ്മത്തിന്റെ പാതയിലൂടെ നയിച്ച് നമുക്ക് വേണ്ട ആത്മീയ വീര്യം പകര്‍ന്നു തന്ന ആത്മാരാമനായ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ദീപ്തസ്മരണ ഒഴിച്ചുകൂടാനാവാത്തതാണ്.
ചരിത്രത്തിനുപരിയായി അയോദ്ധ്യാരാമനും ആത്മാരാമനും ഒന്നാണെന്ന് ജീവിതത്തിലൂടെ കാണിച്ചു തന്ന സന്യാസി ശ്രേഷ്ഠനായിരുന്നു അദ്ദേഹം. അയോദ്ധ്യ തര്‍ക്കവിഷയത്തില്‍ ഇത് ഹിന്ദുക്കള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നുള്ളതിന്റെ തെളിവ് സഹിതം ബോധ്യപ്പെടുത്തികൊണ്ട് കേരള ജനതയെ ഉദ്‌ബോധിപ്പിക്കുന്നതില്‍ സ്വാമിജി തിരുവടികള്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്. ശ്രീരാമജന്മഭൂമി ന്യാസ് മഞ്ചിന്റെ ദക്ഷിണേന്ത്യയിലെ ഏക സന്യാസിയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യക്കാര്‍ ശ്രീരാമനെ ആരാധിക്കുമോ?? അവര്‍ രാവണ പക്ഷക്കാര്‍ അല്ലേ എന്ന അപഹാസ്യതയോട് ചേര്‍ന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് സ്വാമിജി 1990 കളില്‍ ശ്രീരാമനവമി ജ്യോതി പ്രയാണ രഥയാത്രയും, നീണ്ട 14 ദിവസത്തെ ശ്രീരാമനവമി ‘ഹിന്ദു’ മഹാസമ്മേളനവും കേരളത്തിന്റെ തലസ്ഥാന നഗരിയുടെ ഹൃദയമധ്യത്തില്‍ പുത്തരിക്കണ്ടം മൈതാനത്ത് പ്രൗഢോജ്വലമായി ആരംഭിച്ചു. ആ മഹാ സമ്മേളനങ്ങള്‍ ഉറങ്ങിക്കിടന്ന ഹൈന്ദവനില്‍ ഒരു നവോന്മേഷം നിറച്ചു. സ്വാമിജി തിരുവടികളുടെ പ്രഭാഷണം കേള്‍ക്കുവാനായി ആയിരങ്ങള്‍ ഒത്തുകൂടി. രാമരാജ്യത്തില്‍ എന്നപോലെ ആ സമ്മേളനത്തിലും ഒരു ദിവസം മഹിളാ സമ്മേളനം എന്ന രീതിയില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് സ്വാമിജി തുടങ്ങിവച്ചു. ‘ജാതികള്‍ക്ക് അതീതമായി, പാര്‍ട്ടികള്‍ക്ക് അതീതമായി, ഹൈന്ദവരെ ഉണരവിന്‍ ഒന്നിക്കുവിന്‍’ എന്ന മഹത്തായ സന്ദേശം നല്‍കിക്കൊണ്ട് സ്വാമി തൃപ്പാദങ്ങള്‍ ഹൈന്ദവ സമൂഹത്തിനുവേണ്ടി അക്ഷീണം പ്രയത്‌നിച്ച അശോക് സിംഗാള്‍, എം.എം ജോഷി, രാമാനന്ദ സാഗര്‍ എന്നിവരെ ആദരിച്ചു.
പഞ്ഞമാസമായ കര്‍ക്കിടകത്തെ രാമായണമാസമാക്കി അതിന്റെ പ്രാധാന്യം ശാസ്ത്ര ദൃഷ്ടിക്കും യോഗശാസ്ത്രപരവും യുക്തിക്കും ബുദ്ധിക്കും അനുകൂലമായി വ്യാഖ്യാനിച്ചു തന്നു. കര്‍ണാടകയിലെ കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രത്തില്‍ നിന്നും ഭദ്രദീപം കൊളുത്തി തുടങ്ങിയ ശ്രീരാമ സീത-ആഞ്ജനേയന്റെ പഞ്ചലോഹ വിഗ്രഹങ്ങള്‍ വഹിച്ച ആ ശ്രീ രാമരഥം കര്‍ണാടക-തമിഴ്‌നാട്-കേരളം എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ ശ്രീരാമ സന്ദേശം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് കന്യാകുമാരിയില്‍ സാഗര സ്‌നാനവും ചെയ്ത് പുത്തരിക്കണ്ടത്തെ യജ്ഞശാലയില്‍ വിരാജമാനനായി ജനങ്ങളെ ആശിര്‍വദിക്കുന്നു.
ഭഗവാന്‍ ശ്രീരാമചന്ദ്രമഹാപ്രഭുവിന് എതിരെയുള്ള നിരീശ്വര-യുക്തിവാദികളുടെയും മറ്റു മതപ്രചാരകന്മാരുടെയും ഹിന്ദു ധര്‍മത്തെ അവഹേളിക്കുന്ന പ്രചരണങ്ങള്‍ക്ക് യുക്തിഭദ്രവും ശാസ്ത്രസമ്മതവുമായ ഉത്തരങ്ങള്‍ നല്‍കിക്കൊണ്ട് ഹിന്ദു സമൂഹത്തെ ശക്തിഭദ്രമാക്കി. വേദമാണ് നമ്മുടെ പ്രമാണ ഗ്രന്ഥം എന്ന് ഉച്ചൈസ്തരം പ്രഖ്യാപിച്ചു. ‘വസുധൈവ കുടുംബകം’ ആണ് നമ്മുടെ ഭാരതത്തിന്റെ ആദര്‍ശം. ഹൈന്ദവ ഗ്രന്ഥങ്ങളെ കുറിച്ച് ഉള്ള പഠനവും അതിന്റെ ആചരണവും ആണ് ഇന്ന് സമൂഹത്തെ ബാധിച്ചിട്ടുള്ള ഈ ധര്‍മ്മ ച്യുതിക്ക് പരിഹാരമെന്ന് സ്വാമി തൃപ്പാദങ്ങള്‍ ബോധ്യപ്പെടുത്തി കൊടുത്തു. അതിനായി ‘ലക്ഷാര്‍ച്ചനകളും’ ‘കോടി അര്‍ച്ചനകളും’ ‘സഹസ്രകോടി അര്‍ച്ചനയും’ സംഘടിപ്പിച്ചു. പത്രമാധ്യമങ്ങള്‍ ഹൈന്ദവരെ അവഗണിച്ചപ്പോള്‍ അതിനെതിരായി ‘പുണ്യഭൂമി’ എന്ന തലക്കെട്ടോടെ സനാതന ധര്‍മ്മത്തിന്റെ മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടുവാനായി ഒരു പത്രം വിഭാവനം ചെയ്തു. അതിലൂടെ സനാതനധര്‍മ്മത്തിന്റെ മൂല്യങ്ങളെ ആദ്യമായി ജനങ്ങളില്‍ എത്തിച്ചു ‘ഗുരുവാരപ്പതിപ്പ്,’ ‘സനാതനം’ എന്നീ സ്‌പെഷ്യല്‍ പേജുകളോടുകൂടി ജനങ്ങളില്‍ അവബോധനം വളര്‍ത്തി. ഹിന്ദു അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി ഒരു ‘ഹിന്ദു ബാങ്ക്’, ജാതി-പാര്‍ട്ടി വൈവിധ്യങ്ങള്‍ക്ക് അതീതമായി ഹിന്ദുവിന്റെ ഒത്തൊരുമയ്ക്കായി ‘ശ്രീരാമ ദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയും’ യുവജനങ്ങള്‍ക്കായി ‘വൈ.എം.എച്ച്.എയും’ സ്ത്രീകള്‍ക്കായി ‘മൈഥിലി മഹിളാമണ്ഡലവും’ കുട്ടികള്‍ക്കായി ‘ബാല പ്രപഞ്ചവും’ ‘കുടുംബസമിതി’ മുതല്‍ ‘ക്ഷേത്ര സാഗരം’ വരെ ചെന്നെത്തുന്ന ഒരു പ്രസ്ഥാന സങ്കല്‍പവും രൂപം നല്‍കി.
വൈദേശിക ആക്രമണങ്ങളില്‍ തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളെ പുനരുദ്ധരിക്കുവാനായി ഉണ്ടാക്കിയതാണ് ‘കേരള ദേവസ്വം ബോര്‍ഡ്’. സര്‍ക്കാരിന്റെ പിടിയില്‍ അമര്‍ന്ന് ക്ഷേത്ര സ്വത്തുക്കള്‍ ചൂഷണം ചെയ്യുന്ന ബ്രിട്ടീഷുകാരുടെ തന്ത്രത്തെ പൊളിച്ചെഴുതുവാനുമായിരുന്നു കേരള ദേവസ്വം ബോര്‍ഡ്. ഇത് കൂടാതെ ഭാരതത്തിലെ വിവിധ ശക്തികേന്ദ്രങ്ങളുടെയും സമാധി സ്ഥലങ്ങളുടെയും ഭദ്രദീപങ്ങളെ സംയോജിപ്പിച്ച് ഈ സനാതന ധര്‍മ്മത്തിന്റെ സംരക്ഷണത്തിനായി ‘ജ്യോതിക്ഷേത്രം’ എന്ന മഹത്തായ സങ്കല്പത്തെയും പ്രദാനം ചെയ്തു. തന്റെ ഗുരുവായ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ തപോവിഭൂതികള്‍ക്ക് യോഗശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ ‘പാദപൂജ’ എന്ന മഹത്ഗ്രന്ഥവും, ഭാരതത്തിന്റെ മഹത്തായ സംഭാവനയായ ‘ഗുരു’ സങ്കല്‍പ്പത്തെ ‘ഗുരുത്വം എന്ന ശാസ്ത്രം’ എന്ന ഗ്രന്ഥത്തിലൂടെ ശാസ്ത്രീയമായി വിശദീകരിച്ചുതന്നും, കേരളത്തിലെ ജനതയെ രാമായണത്തിന്റെ ഇരടികളാല്‍ ആനന്ദിപ്പിച്ച തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന് ‘പാദപൂജ വ്യാഖ്യാനവും’ ഹിന്ദുധര്‍മ്മത്തിനെതിരെയുള്ള കുപ്രചരണങ്ങള്‍ക്ക് മറുപടിയായി 24 -ളം ചെറു ലേഖനങ്ങളും എഴുതി ഹൈന്ദവ സമൂഹത്തെ ശക്തമാക്കി. അക്കാലത്തെ അയോദ്ധ്യയിലെ ന്യാ സ്മഞ്ചിന്റെ അധ്യക്ഷനായിരുന്ന ശ്രീരാമചന്ദ്ര പരമഹംസിന്റെ മഹാസമാധിയില്‍ അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം കീര്‍ത്തി പത്രം സമര്‍പ്പിച്ചു. രാമരാജ്യത്തിന്റെ സങ്കല്പത്തിലേക്ക് ഹൈന്ദവരെ സജ്ജമാക്കാന്‍ ഇത്രയും പ്രയത്‌നിച്ച മറ്റൊരു സന്യാസിശ്രേഷ്ഠനെ കാണിച്ചു തരിക അസാധ്യമാണ്. ചുരുക്കത്തില്‍ രാമജന്മഭൂമിയിലെ ഇന്നു നടക്കുന്ന ‘രാം ലല്ല’യുടെ പ്രാണപ്രതിഷ്ഠ എന്തുകൊണ്ടും ആധുനിക കാലത്തെ ഹൈന്ദവ നവോത്ഥാന നായകനായി വിരാജിക്കുന്ന സ്വാമിജി തൃപ്പാദങ്ങളുടെ ആത്മാരാമപൂജയുടെ പ്രതിഷ്ഠ തന്നെയാകുന്നു. ഗുരുപരമ്പരയോടൊപ്പം ആ മഹാഗുരുവും ഈ പ്രാണപ്രതിഷ്ഠയില്‍ ഏവരെയും അനുഗ്രഹിക്കട്ടെ. ജയ് സീതാറാം !
ഗുരുചരണങ്ങളില്‍ പ്രണാമങ്ങളോടെ,
സ്വാമി യോഗാനന്ദ സരസ്വതി
ശ്രീരാമദാസാശ്രമം, ചേങ്കോട്ടുകോണം
Discussion about this post