അഹമ്മദാബാദ്: മുഗര്‍ ഭരണാധികാരി ബാബറിന്റെ കാലഘട്ടത്തിലുണ്ടായ ആഴത്തിലുള്ള മുറിവ് പരിഹരിച്ചത് അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയിലൂടെയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുജറാത്തിലെ റാണിപ്പില്‍ പുതുതായി നവീകരിച്ച റാംജി ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്തി ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. ലോകമെമ്പാടുമുള്ള ശ്രീരാമഭക്തര്‍ കഴിഞ്ഞ 500 വര്‍ഷമായി ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. ശ്രീരാമനെ ആ കൂടാരത്തില്‍ നിന്ന് എപ്പോഴാണ് വലിയ ക്ഷേത്രത്തിലേക്ക് മാറ്റുകയെന്ന് അവര്‍ ചോദിച്ചിരുന്നു. ബാബറിന്റെ കാലത്ത് ഞങ്ങളുടെ ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ഇപ്പോള്‍ തുന്നിച്ചേര്‍ത്തത്- അമിത് ഷാ പറഞ്ഞു.
2014ന് മുമ്പുള്ള സര്‍ക്കാരുകള്‍ രാജ്യത്തിന്റെ സംസ്‌കാരത്തെയും മതത്തെയും ഭാഷയെയും ബഹുമാനിക്കാന്‍ ഭയപ്പെട്ടിരുന്നുവെന്നും അമിതാ ഷാ വ്യക്തമാക്കി. ഔറംഗസേബ് കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്തു. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം അത് പുനര്‍നിര്‍മിച്ചതും അവിടെ ഒരു ഇടനാഴി നിര്‍മിച്ചതും മോദിയാണ്. ബാബര്‍ അയോധ്യയിലെ രാമക്ഷേത്രം തകര്‍ത്തു. എന്നാല്‍ ഇപ്പോള്‍ അവിടെയൊരു രാമക്ഷേത്രം പണിതിരിക്കുന്നു, ജയ് ശ്രീറാം എന്ന മുദ്രാവാക്യങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി മോദി പ്രണപ്രതിഷ്ഠ നടത്തി- അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Discussion about this post