തിരുവനന്തപുരം: ആലപ്പുഴയിലെ കായലുകള്‍ക്ക് പുതിയ മുഖഛായ പകരാന്‍ 400 കോടി രൂപയുടെ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കും. കായല്‍ ടൂറിസത്തിന്റെ സമ്പൂര്‍ണ വികസനത്തിനുള്ള ഈ പദ്ധതിയിലെ 50 കോടി രൂപയുടെ ആദ്യഘട്ടം നടപ്പാകുമ്പോള്‍ പുതിയൊരു കായല്‍ സഞ്ചാരപഥവും (ബാക്ക്‌വാട്ടര്‍ സര്‍ക്കീട്ട്) രൂപം കൊള്ളും. ആഡംബര ഹൗസ്‌ബോട്ടുകളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു.
കായല്‍ ടൂറിസവികസനത്തിന് സംസ്ഥാന വിനോദസഞ്ചാര വകുപ്പു കേന്ദ്രത്തിനു സമര്‍പ്പിച്ച മാസ്റ്റര്‍ പ്ലാനിലെ ആദ്യഘട്ടമാണ് 50 കോടി രൂപ മുടക്കി രണ്ടു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കുന്നത്. കൂടുതല്‍ ഹൗസ്‌ബോട്ട് ജെട്ടികള്‍, വിശ്രമ കേന്ദ്രങ്ങള്‍, രാത്രി തങ്ങാനുള്ള കേന്ദ്രങ്ങള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ കേരളത്തിന്റെ സാംസ്‌കാരിക തനിമയെ വിനോദസഞ്ചാരികള്‍ക്കു പരിചയപ്പെടുത്താനും വ്യാപാര, വാണിജ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഉദ്ദേശിച്ചുള്ളതാണ്. ഹൗസ് ബോട്ടുകള്‍ക്ക് പുതിയ റൂട്ടുകളും ഈ പദ്ധതിയില്‍പെടുത്തി വികസിപ്പിക്കും.
പുതുതായി തുടങ്ങുന്ന റൂട്ടുകള്‍ കൂടുതല്‍ സ്ഥലങ്ങളെ വിനോദസഞ്ചാരവുമായി ബന്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. രാത്രി താമസ കേന്ദ്രങ്ങളായി വികസിപ്പിക്കാനുള്ള സ്ഥലങ്ങള്‍ ഇതിനോടകം ടൂറിസം വകുപ്പ് നിര്‍ണയിച്ചിട്ടുണ്ട്. പുതിയ ഷോപ്പിംഗ് കേന്ദ്രങ്ങള്‍, കരകൗശല സ്റ്റാളുകള്‍, റസ്റ്ററന്റുകള്‍, പാരമ്പര്യ കലാരൂപങ്ങളുടെ തത്സമയ പ്രകടനത്തിനുള്ള സൗകര്യങ്ങള്‍ എന്നിവ കേരള സംസ്‌കാരത്തിന്റെ തനിരൂപം വിനോദസഞ്ചാരികള്‍ക്കു പകര്‍ന്നു നല്‍കും.
കേരളത്തിലെ കായലുകളില്‍ സഞ്ചരിക്കുന്ന നൂറുകണക്കിനു ഹൗസ്‌ബോട്ടുകള്‍ക്ക് ഇപ്പോള്‍ രാത്രി തങ്ങാന്‍ സ്ഥലമില്ലാത്ത സ്ഥിതിയാണ്. അതുമൂലം വിനോദസഞ്ചാരികളുടെ സായാഹ്നങ്ങള്‍ പലപ്പോഴും വിരസമായി മാറുന്നുണ്ട്. വിജനമായ പ്രദേശങ്ങളിലെ ഇടക്കനാലുകളിലൂടെ രാത്രിയാത്ര നടത്തുന്നത് സുരക്ഷാഭീഷണിക്കും ഇടയാക്കും. പുതിയ പദ്ധതി നടപ്പിലാക്കിയാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നു മാത്രമല്ല സായാഹ്നങ്ങളില്‍ സഞ്ചാരികള്‍ക്ക് കലാപ്രകടനങ്ങള്‍ ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കാനും കഴിയും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പുതിയ സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കും. ഈ സൗകര്യങ്ങളുപയോഗിച്ച് വ്യാപാരകേന്ദ്രങ്ങള്‍ക്കും മറ്റു സംവിധാനങ്ങള്‍ക്കും രൂപം നല്‍കേണ്ടത് സ്വകാര്യ സംരംഭകരാണ്.
കേരളം വീണ്ടും വീണ്ടും സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് സ്ഥിരം റൂട്ടുകള്‍ വിരസമായിരിക്കും. അരൂര്‍ മുതല്‍ കായംകുളം വരെയുള്ള പ്രദേശങ്ങളില്‍ പുതിയ ടൂറിസം കേന്ദ്രങ്ങള്‍ നിലവില്‍ വരുന്നത് ഈ പ്രദേശങ്ങളിലെ 58 പഞ്ചായത്തുകള്‍ക്കും മൂന്നു മുനിസിപ്പാലിറ്റികള്‍ക്കും പ്രയോജനം ചെയ്യും.
പുതിയ റൂട്ടുകളായി മാസ്റ്റര്‍പ്ലാനില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത് തെക്കന്‍, വടക്കന്‍ വേമ്പനാട്, പമ്പാനദിയോടു ചേര്‍ന്നുകിടക്കുന്ന ചില പ്രദേശങ്ങള്‍ എന്നിവയാണ്. കിടങ്ങറ, വട്ടക്കായല്‍, പുളിങ്കുന്ന് എന്നിവിടങ്ങളില്‍ ബോട്ടുകള്‍ക്ക് തടസം സൃഷ്ടിക്കുന്ന പാലങ്ങളെക്കുറിച്ച് ആശങ്ക വേണ്ടെന്ന് മന്ത്രി പറഞ്ഞു. മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പിക്കുന്നതിനുമുമ്പായി ഈ പ്രദേശങ്ങളിലെ ഗുണഭോക്താക്കളുമായി മന്ത്രിതലത്തില്‍ പലവട്ടം ചര്‍ച്ച നടത്തുകയും അവരുടെ ആശങ്കകള്‍ക്ക് പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്. പാരിസ്ഥിതിക ടൂറിസം ലക്ഷ്യമാക്കി മാലിന്യനിര്‍മ്മാര്‍ജനവും പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്.
കായലുകളില്‍ പരിമിതമായ എണ്ണം ആഡംബര ഹൗസ്‌ബോട്ടുകള്‍ അനുവദിക്കണമെന്ന നിര്‍ദ്ദേശത്തോട് സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കുമെന്ന് മന്ത്രി വെളിപ്പെടുത്തി. കായലില്‍ ഒഴുകി നടക്കുന്ന റസ്റ്ററന്റുകളും അനുവദിക്കുന്നത് പരിഗണിക്കും. ടൂറിസം വികസനത്തിനുവേണ്ടി മേഖലകള്‍ കണ്ടെത്തിയിട്ടുള്ള കേന്ദ്ര ടൂറിസം മന്ത്രാലയം കേന്ദ്രാവിഷ്‌കൃതപദ്ധതിയനുസരിച്ചാണ് കേരളത്തിന് സാമ്പത്തിക സഹായം നല്‍കുന്നത്. ആലപ്പുഴയില്‍ കായല്‍ ടൂറിസത്തിലെ സഞ്ചാരപഥങ്ങള്‍ വികസിപ്പിക്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു സമര്‍പ്പിച്ച പദ്ധതി ഈ ദിശയിലെ പുത്തന്‍ പരിശ്രമമാണെന്നും അനില്‍ കുമാര്‍ പറഞ്ഞു.
Discussion about this post