ന്യൂഡല്‍ഹി: 2008ലെ ‘വോട്ടിന് നോട്ട് കോഴക്കേസില്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയും എംപിയുമായ അമര്‍സിങ്ങിനെ അറസ്റ്റ് ചെയ്തു. വിചാരണയ്ക്കായി ഡല്‍ഹി കോടതില്‍ ഹാജരായപ്പോഴായിരുന്നു അറസ്റ്റ്. ബിജെപി മുന്‍ എംപിമാരായ ഭഗന്‍സിങ് കുലസ്‌തെയും മഹാവീര്‍ ഭഗോഡയും അറസ്റ്റിലായവരില്‍ പെടുന്നു. ഇവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ തള്ളിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ് നടന്നത്. ഇവരെ തിഹാര്‍ ജയിലേക്ക് കൊണ്ടുപോകും.
അസുഖംമൂലം കിടപ്പായതിനാല്‍ അമര്‍സിങ്ങിന് ഇന്നെത്താനാകില്ലെന്നും നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് അമര്‍സിങിന്റെ അഭിഭാഷകന്‍ പ്രത്യേക കോടതിയെ അറിയിച്ചിരുന്നു. ഇതിനിടെ ഉച്ചയോടെ അമര്‍സിംഗ് നാടകീയമായി കോടതിയില്‍ ഹാജരാവുകയായിരുന്നു.
എന്നാല്‍, ജാമ്യാപേക്ഷ തള്ളിയ പ്രത്യേക കോടതി ജഡ്ജി സംഗീത ദിംഗ്‌ര സേഗാള്‍ ഈ മാസം 19 വരെ അമര്‍ സിങ്ങിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിടുകയായിരുന്നു.
കേസില്‍ ആറു പേരെ പ്രതി ചേര്‍ത്ത് ഡല്‍ഹി പോലീസ് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അമര്‍സിങ്ങിനു പുറമെ ഭഗന്‍ സിംഗ് കുലസ്‌തെ, മഹാവീര്‍ ഭഗോഡ, സുഹൈല്‍ ഹിന്ദുസ്ഥാനി, സുധീന്ദ്ര കുല്‍ക്കര്‍ണി, സഞ്ജീവ് സക്‌സേന എന്നിവരാണു പ്രതികള്‍. അഴിമതി നിരോധനനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണു പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. കേസിനാസ്പദമായ സംഭവങ്ങളുടെ സൂത്രധാരന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിയാണെന്നു കുറ്റപത്രത്തില്‍ പറയുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഇഴഞ്ഞുനീങ്ങുകയായിരുന്ന അന്വേഷണം സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ത്വരിതഗതിയിലായത്. ആദ്യഘട്ടത്തില്‍ അമര്‍ സിങ്ങിനെ ഒഴിവാക്കി കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘം ശ്രമിച്ചത്. പിന്നീട് കോടതി ഇടപെടലിനെത്തുടര്‍ന്നാണ് അമര്‍സിംഗിനെ ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
Discussion about this post